environmental News

പക്ഷിവൈവിധ്യവുമായി മൂന്നാര്‍ വനമേഖല

കേരളത്തില്‍ ആകെയുള്ള പക്ഷിയിനങ്ങളില്‍ 43 ശതമാനവും മൂന്നാര്‍ വനമേഖലയില്‍ മാത്രം ഇപ്പോഴുണ്ടെന്ന് വന്യജീവിവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളില്‍ 58 ശതമാനവും ഈ മേഖലയില്‍ കണ്ടെത്തി.

സംസ്ഥാന വന്യജീവിവകുപ്പ് നാലുദിവസങ്ങളിലായി കേരള കാര്‍ഷിക സര്‍വകലാശാല, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ നടത്തിയ ജൈവവ്യവസ്ഥാ സര്‍വേയിലൂടെയാണ് ഇത് വ്യക്തമായത്.

അപൂര്‍വ പക്ഷിയിനത്തില്‍പ്പെട്ട വൈറ്റ് ബെല്ലീഡ് ബ്‌ളൂ റോബിന്‍ (ഷോലക്കിളി), ഷിഫ് ചാഫ്, ലെഗ്ഗി ഹോക്ക് ഈഗിള്‍, പ്രത്യേക മേഖലകളില്‍മാത്രം കാണുന്ന നീലഗിരി പിപ്പെറ്റ്, ബ്‌ളാക്ക് ആന്‍ഡ് ഓറഞ്ച് ഫ്‌ളൈക്യാച്ചര്‍, നീലഗിരി ഫ്‌ളൈക്യാച്ചര്‍, ബ്രോഡ് ടെയില്‍ഡ് ഗ്രാസ് ബേഡ് എന്നിവ ഉള്‍പ്പെടെ 220 പക്ഷിയിനങ്ങളെ ഇവിടെ കണ്ടെത്തി.

അപൂര്‍വ ചിത്രശലഭ ഇനത്തില്‍പ്പെട്ട പളനി ബുഷ് ബ്രൗണ്‍ (പളനി തവിടന്‍), പശ്ചിമഘട്ട മേഖലകളില്‍മാത്രം കാണുന്ന പളനി ഫോര്‍ റിങ്, പളനി ഫ്രിറ്റിലറി, നീലഗിരി ക്ലൗഡഡ് യെല്ലോ, നീലഗിരി ടൈഗര്‍, പളനി സെയിലര്‍, രാജ്യത്തെ ഏറ്റവും വലുപ്പമേറിയ ചിത്രശലഭമായ സതേണ്‍ ബേഡ് വിങ്, രാജ്യത്തെ ഏറ്റവുംചെറിയ ചിത്രശലഭമായ ഗ്രാസ് ജുവെല്‍ എന്നിവ ഉള്‍പ്പെടെ 186 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി.

കേരളത്തില്‍ 515 പക്ഷിയിനങ്ങളെയും 320 ചിത്രശലഭ ഇനങ്ങളെയുമാണ് രേഖപ്പെടുത്തിയതെന്ന് സര്‍വേയുടെ മുഖ്യ ഏകോപകനായ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി പ്രതിനിധി ഡോ. എസ്. കലേഷ് പറഞ്ഞു.

ഇവയ്ക്കുപുറമേ വരയാട്, കടുവ, പുള്ളിപ്പുലി, ആന, കാട്ടുപോത്ത്, പതിനെട്ട് ഇനം തവളകള്‍, 15 ഇനം തുമ്പികള്‍, 15 ഇനം ഉറുമ്പുകള്‍ എന്നിവയും കണ്ടെത്തി. മൂന്നാര്‍ വന്യജീവി വാര്‍ഡന്‍ ലക്ഷ്മി അരുണ്‍, റേഞ്ച് ഓഫീസര്‍ സിബി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സര്‍വേ.

March 14
12:53 2018

Write a Comment