SEED News

പച്ചപ്പിന്റെ വഴികൾ തുറന്ന് അംബേദ്കർ മോഡൽ സ്‌കൂൾ ശ്രേഷ്ഠഹരിത വിദ്യാലയം

അമ്പലപ്പുഴ: സ്‌കൂളിന് മുമ്പിൽ വരവേൽക്കാൻ പൂന്തോട്ടവും നടുവിൽ താമരക്കുളവും. ചെറു പൂന്തോട്ടങ്ങൾ വേറെ. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി കാർഷികപ്രവർത്തനങ്ങൾ. പരിസ്ഥിതി സ്‌നേഹം പ്രവർത്തിയിലൂടെ കാട്ടി മുന്നേറ്റം. പുന്നപ്ര വാടയ്ക്കൽ ഡോ.ബി.ആർ.അംബേദ്കർ സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയമായതിന്റെ വഴികളിങ്ങനെ.
 270 പെൺകുട്ടികൾ താമസിച്ച് പഠിക്കുന്ന വിദ്യാലയത്തിൽ നാൽപത് പേരാണ് മുഴുവൻ സമയ സീഡ് പ്രവർത്തകർ. എങ്കിലും മുഴുവൻപേരും സീഡ് പ്രവർത്തനത്തിൽ പങ്കാളികളാകുന്നു എന്നതാണ് സവിശേഷത. സ്‌കൂളിന് മുമ്പിലെ പൊതു പൂന്തോട്ടം കൂടാതെ ആറുപൂന്തോട്ടങ്ങളാണ് സീഡ് പ്രവർത്തകർ വിശാലമായ സ്‌കൂൾ വളപ്പിൽ ഒരുക്കിയത്. ഓരോ ക്ലാസിനുമാണ് ഓരോ പൂന്തോട്ടത്തിന്റെ ചുമതല നൽകിയത്. 
പച്ചക്കറി ഇനങ്ങളെല്ലാം സ്‌കൂളിന്റെയും ഹോസ്റ്റലിന്റെയും പരിസരത്ത് കൃഷി ചെയ്യുന്നു. തങ്ങളുടെ ആവശ്യം കഴിഞ്ഞ് പുറത്തേക്ക്‌ നൽകാനും പച്ചക്കറിയുണ്ട്. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് അംഗങ്ങൾ വഴി പോലീസ് ഉദ്യോഗസ്ഥരും ഇവിടെനിന്ന് പച്ചക്കറി വിലകൊടുത്ത് വാങ്ങാറുണ്ട്. തീരസംരക്ഷണത്തിനായി വാടയ്ക്കൽ കടപ്പുറത്ത് കണ്ടൽച്ചെടികൾ നട്ടുകൊണ്ട് സീഡ് പ്രവർത്തകർ സാമൂഹ്യപ്രവർത്തനത്തിനും ഇറങ്ങി.
 വാടയ്ക്കൽ രാജീവ് ഗാന്ധി വൃദ്ധസദനത്തിലെ അന്തേവാസികളുമായി ചേർന്ന് വൃദ്ധസദനത്തിലും വൃക്ഷത്തൈ നട്ടു. സ്‌കൂൾ പരിസരത്ത് നിരവധി നാട്ടുമാവുകൾ നട്ടുവളർത്തുന്നുണ്ട്. എല്ലാത്തരം വാഴകളും ഔഷധ സസ്യങ്ങളും കൊണ്ട് സമ്പന്നമാണ് സ്‌കൂൾ പരിസരം. ഹോസ്റ്റലിൽ ഉപയോഗിക്കുന്ന പാലിന്റെ കൂടുകളടക്കം പ്ലാസ്റ്റിക് സാധനങ്ങൾ സീഡ് പ്രവർത്തകർ കഴുകി വൃത്തിയാക്കി പഞ്ചായത്തിന് കൈമാറുകയാണ്. സ്‌കൂളിനുള്ളിൽ ശലഭോദ്യാനവും സ്‌കൂൾ നിൽക്കുന്ന പ്രദേശം ഹരിതഗ്രാമവും ആക്കാനുള്ള പ്രവർത്തനമാണ് സീഡ് പ്രവർത്തകർ ഇനി നടപ്പാക്കുകയെന്ന് പ്രഥമാധ്യാപിക എസ്.സുജാത പറയുന്നു. ഇതിനായി അവധിക്കാലം കഴിഞ്ഞെത്തുമ്പോൾ കുട്ടികളെല്ലാവരും ഏതെങ്കിലുമൊരു ഫലവൃക്ഷത്തൈ കൊണ്ടുവരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.  

March 23
12:53 2018

Write a Comment

Related News