GK News

ക്ഷുദ്രഗ്രഹങ്ങളെ തകര്‍ക്കാന്‍ ബഹിരാകാശ വാഹനം നിര്‍മിക്കാനൊരുങ്ങി നാസ

ക്ഷുദ്രഗ്രഹ ഭീഷണി നേരിടാനൊരുങ്ങി നാസ. ഭൂമിയെ രക്ഷിക്കുന്നതിനായി അപകടകാരികളായ ബഹിരാകാശ പാറകളെ അകറ്റുന്നതിനും അവ തകര്‍ക്കുന്നതിനുമായി ഒരു ഭീമന്‍ ആണവ ബഹിരാകാശ വാഹനം നിര്‍മിക്കാനാണ് നാസയുടെ പദ്ധതി. 

ഹാമര്‍ (HAMMER- Hypervelocity Asteroid Mitigation Mission for Emergency Response) എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശ വാഹനത്തിന് എട്ട് ടണ്‍ ഭാരമുണ്ടാവും. ഭൂമിയിലേക്ക് ഇടിച്ചിറങ്ങാന്‍ സാധ്യതയുള്ള ഭീമന്‍ ബഹിരാകാശ പാറകളെ വഴിതിരിച്ചുവിടാന്‍ ഈ വാഹനത്തിന് സാധിക്കും. 

1600 അടി വിസ്തൃതിയുള്ള ബെന്നു എന്ന ക്ഷുദ്രഗ്രഹം മണിക്കൂറില്‍ 63,000 മൈല്‍ വേഗതയില്‍ സൂര്യനെ വലം വെക്കുന്നുണ്ട്. ഭൂമിയില്‍ നിന്നും 5.4 കോടി മൈല്‍ അകലെയാണ് ഇപ്പോള്‍ ബെന്നു ഉള്ളത്. ബെന്നുവില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി 2016 ല്‍ നാസ വിക്ഷേപിച്ച ഒസിരിസ് റെക്‌സ് ബഹിരാകാശ വാഹനം ബെന്നുവിലേക്കുള്ള പാതയിലാണ്. 

ബെന്നു ഉയര്‍ത്തിയേക്കാവുന്ന ഭീഷണി മുന്‍കൂട്ടി കണ്ട് അതിനെ തകര്‍ക്കാന്‍ ആവശ്യമായി വരാവുന്ന സമയവും അതിനാവശ്യമായ സാമഗ്രികളും ഒസിരിസ് റെക്‌സ് പദ്ധതിയോടൊപ്പം ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നുണ്ട്. ബെന്നുവിനെ കണ്ടെത്തിയ 1999 മുതല്‍ തന്നെ ഗവേഷകര്‍ അതിനെ നിരീക്ഷിച്ച് വരികയാണ്.

ബെന്നു ഭൂമിയില്‍ പതിക്കാന്‍ ചെറിയ സാധ്യത മാത്രമാണുള്ളതെങ്കിലും ഭൂമിക്ക് സമീപമുള്ള ബഹിരാകാശ വസ്തു ( Near Earth Object) എന്ന നിലയിലാണ് ബെന്നുവിനെ കണക്കാക്കുന്നത്. കൂട്ടിയിടിയുണ്ടായാല്‍ 1450 മെഗാടണ്‍ ടിഎന്‍ടി സ്‌ഫോടനത്തിന് തുല്യമായ ഊര്‍ജമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് അരിസോണ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡാന്റെ ലൊറേറ്റ പറയുന്നു. അതായത് ചരിത്രത്തിലുണ്ടായിട്ടുള്ള ആണവായുധ സ്‌ഫോടനങ്ങളേക്കാള്‍ മൂന്നിരട്ടി ശക്തിയുണ്ടാവും ആ കൂട്ടിയിടിക്ക്.

ക്ഷുദ്രഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ഹാമ്മര്‍ നിര്‍മ്മിക്കുന്നതിന് ഏഴ് വര്‍ഷത്തിലധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. വല്ലപ്പോഴുമാണ് ക്ഷുദ്രഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാറ്. അവയെല്ലാം അധികം പ്രത്യാഘാതം ഉണ്ടാക്കാത്തവിധം വളരെ ചെറുതും ജനമാസമില്ലാത്തയിടങ്ങളില്‍ പതിക്കുകയുമാണ് ചെയ്യാറ്.  നിലവില്‍ 73 ക്ഷുദ്രഗ്രഹങ്ങളാണ് നാസ പട്ടികപ്പെടുത്തിയിട്ടുള്ളത് ഇവ ഭൂമിയില്‍ പതിക്കാന്‍ 1600 ല്‍ ഒരു മാത്രമാണ് സാധ്യത. 








April 03
12:53 2018

Write a Comment