SEED News

ചോദ്യങ്ങളെറിഞ്ഞ് വിദ്യാര്‍ഥികള്‍; അമ്മയെയും മുത്തശ്ശിയെയും ഓര്‍ത്ത് എറിക്

കൊച്ചി: 'എന്റെ മുത്തശ്ശി ഭക്ഷണം അല്പംപോലും പാഴാക്കിക്കളയുമായിരുന്നില്ല. ഏതെങ്കിലും ഒരു സാധനം മുത്തശ്ശി പുറത്തേക്ക് വലിച്ചെറിയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏതു സാധനവും പരമാവധി പുനരുപയോഗിക്കുക എന്നതായിരുന്നു അമ്മയുടെ ശീലവും. അവര്‍ രണ്ടു പേരുമായിരുന്നു പ്രകൃതി സ്‌നേഹത്തിന്റെ ആദ്യ പാഠങ്ങള്‍ എനിക്ക് പകര്‍ന്നു തന്നത്...' - ഐക്യരാഷ്ട്രസഭയുടെ എന്‍വയണ്‍മെന്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോള്‍ഹൈം വാചാലനാകുമ്പോള്‍ വിദ്യാര്‍ഥികള്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. മാതൃഭൂമി 'സീഡ്' പത്താം വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ഥികളുമായി ഏതാനും നേരം എറിക് സോള്‍ഹൈം സംവദിച്ചു.
കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങളെ പുതുതലമുറയ്ക്ക് എങ്ങനെ മറികടക്കാനാകുമെന്ന ചോദ്യവുമായി ചേരാനല്ലൂര്‍ എല്‍.എഫ്. യു.പി. സ്‌കൂളിലെ റീന മരിയ ജോണി എഴുന്നേറ്റപ്പോഴാണ് മുത്തശ്ശിയെയും അമ്മയെയും ഓര്‍ത്ത് എറിക് മറുപടി നല്‍കിയത്. 'പുതിയ തലമുറയുടെ ജീവിതരീതികള്‍ ഏറെ മാറിയിരിക്കുന്നു. പഴയ തലമുറയിലെ ആളുകളില്‍ പലരും ഉപയോഗിച്ചുകഴിഞ്ഞ സാധനങ്ങള്‍ വലിച്ചെറിയുന്നവരായിരുന്നില്ല. പുതുതലമുറയോട് എനിക്ക് പറയാനുള്ള പ്രധാനകാര്യം ഇതാണ്... നിങ്ങള്‍ വലിച്ചെറിയുന്നവരാകരുത്'  - എറിക് പറഞ്ഞു. 
ആഗോളതാപനത്തെയും ഊര്‍ജസംരക്ഷണ പരിപാടികളെയും കുറിച്ചുള്ള എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ നിമലിന്റെ ചോദ്യത്തിന് മികച്ചതെന്ന വിശേഷണത്തോടെയാണ് എറിക് മറുപടി പറഞ്ഞത്. 'ആഗോളതാപനം കൂടിവരുന്നത് ലോകത്തിന് ഭീഷണിയാണ്. എന്നാല്‍, ഊര്‍ജസംരക്ഷണ കാര്യത്തില്‍ ലോകത്ത് ശുഭകരമായ പല വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്. ഊര്‍ജസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഫലപ്രദമായ പല മാര്‍ഗങ്ങളും അവലംബിക്കുന്നത് മാതൃകാപരമാണ്. കേരളത്തില്‍ പലയിടങ്ങളിലും സൗരോര്‍ജത്തിന്റെ ഉപയോഗം ഏറി വരുന്നതായും അറിയാന്‍ കഴിഞ്ഞു. ഇന്ന് ഞാന്‍ സന്ദര്‍ശിച്ച കൊച്ചി വിമാനത്താവളവും സൗരോര്‍ജത്തിന്റെ ഉപയോഗത്തിലൂടെ രാജ്യത്തിന് മാതൃകയായ ഒന്നാണ്...' - എറിക് പറഞ്ഞു.  
മുംബൈയിലെ കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ശ്രമിച്ച കൂട്ടായ്മയുടെ തുടക്കത്തിന്റെ കഥ പറഞ്ഞ എറിക് അമേരിക്കയിലെയും മറ്റു പല രാജ്യങ്ങളിലെയും അമിതമായ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ കാര്യവും കുട്ടികളോട് പറഞ്ഞു. ശീതളപാനീയങ്ങളും മറ്റും ടിന്നുകളിലും കുപ്പികളിലുമാക്കി കുടിക്കാനാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്. ഉപയോഗിച്ച് കഴിഞ്ഞ കുപ്പികളും ടിന്നുകളും വഴിയിലേക്ക് വലിച്ചെറിയാനും അവര്‍ മടിക്കുന്നില്ല. ആനകളും ഒട്ടകങ്ങളും വരെ പ്ലാസ്റ്റിക് കഴിച്ച് മരണപ്പെടാന്‍ ഇടയായത് പുതുതലമുറയുടെ ഈ മനോഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ വരെ അവസാനിപ്പിക്കാന്‍ നിയുക്തനായ സമാധാനദൂതന്‍ എന്ന മേല്‍വിലാസമാണോ പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിയോഗമാണോ ഇഷ്ടമെന്ന പാര്‍വതി കൃഷ്ണയുടെ ചോദ്യത്തിന് രണ്ടും പരസ്പര പൂരകമാണെന്നായിരുന്നു എറിക്കിന്റെ മറുപടി. ശ്രീലങ്കയിലെ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെട്ടത് സമാധാനം എന്ന ലക്ഷ്യത്തോടെയായിരുന്നു- എറിക് പറഞ്ഞു. 

May 29
12:53 2018

Write a Comment

Related News