environmental News

നാര്‍കോണ്ടം വേഴാമ്പലുകളുടെ എണ്ണം വര്‍ധിക്കുന്നു

ന്‍ഡമാന്‍ ദ്വീപുകളിലെ ഒറ്റപ്പെട്ട നാര്‍കോണ്ടം ദ്വീപില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രത്യേക ഇനമായ നാര്‍കോണ്ടം വേഴാമ്പലുകളുടെ (Narcondam Hornbills) എണ്ണം മെച്ചപ്പെട്ടുവരുന്നതായി ശാസ്ത്രജ്ഞര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ആന്‍ഡമാനിലെ സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. സി. ശിവപെരുമനാണ് ഈയിടെ വിശദമായ അന്വേഷണം നടത്തിയത്.

വിദൂരമായ ഒരു ദ്വീപാണ് നാര്‍കോണ്ടം. ഇന്ത്യാമഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഒരു ദ്വീപായതിനാല്‍ രാജ്യ രക്ഷാവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വളരെ കുറച്ച് വേഴാമ്പലുകള്‍ മാത്രമാണ് ഇവിടെയുള്ളതെങ്കിലും അവയ്ക്ക് വേണ്ടത്ര സംരക്ഷണം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പല്‍ ഇനം കൂടിയാണിത്.

മറ്റ് ഇനം വേഴാമ്പലുകള്‍ വളരെ ദൂരത്തില്‍ പറക്കുമെങ്കിലും നാര്‍കോണ്ടം വേഴാമ്പലുകള്‍ അധികദൂരം പറക്കില്ല. ഇനി പറന്നാല്‍ തന്നെയും അവ താമസിയാതെ ദ്വീപില്‍ത്തന്നെ തിരിച്ചെത്തുന്നു. ദ്വീപില്‍ നിന്നും തൊട്ടടുത്ത ബര്‍മ്മ അതിര്‍ത്തി തന്നെ വളരെ ദൂരത്തിലാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ദ്വീപില്‍ വേഴാമ്പലുകളെ ശാസ്ത്രജ്ഞനായ ശിവപെരുമന്‍ നിരീക്ഷിച്ചത്. നൂറോളം വേഴാമ്പലുകളെ നിരീക്ഷിക്കാന്‍ സാധിച്ചതായി അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു. നാര്‍കോണ്ടം ദ്വീപില്‍ ഏതാണ്ട് നാനൂറോളം വേഴാമ്പലുകള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മറ്റിനത്തില്‍പ്പെട്ട വേഴാമ്പലുകള്‍ മനുഷ്യന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ അതിവേഗത്തില്‍ പറന്നുപോകും. എന്നാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഘട്ടത്തില്‍ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ ഒളിഞ്ഞിരുന്ന് ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും ഈ വേഴാമ്പലുകള്‍ പറന്നുപോകാറില്ല. മനുഷ്യന്റെ സാന്നിധ്യം മൂലം അപകടമില്ലെന്ന് ഈ വേഴാമ്പലുകള്‍ക്ക് ഉറപ്പാണ്. മലമുഴക്കി വേഴാമ്പലുകളാണ് കാഴ്ചയില്‍ ഏറ്റവും വലിയ ഇനം വേഴാമ്പലുകള്‍. അവ പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്നു. അവയുടെ സ്വഭാവസവിശേഷതകള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ നാര്‍കോണ്ടം വേഴാമ്പലുകളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.

കടപ്പാട് :-ഡോ. സി. ശിവപെരുമൻ 

June 26
12:53 2018

Write a Comment