SEED News

നന്മയുള്ള മണ്ണും മനുഷ്യനും മാതൃഭൂമി സീഡ് പദ്ധതി ലക്ഷ്യം-പി.അയിഷാപോറ്റി എം.എൽ.എ.

കൊട്ടാരക്കര: മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയെന്ന് അയിഷാപോറ്റി എം.എൽ.എ. പറഞ്ഞു. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല കൊട്ടാരക്കര കടലാവിള കാർമൽ സെൻട്രൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
 ലോകത്തിന് മാതൃകയാണീ പദ്ധതി. എല്ലാം വിഷമയമാകുന്ന വർത്തമാനകാലത്ത് നേരിന്റെ വഴിയിൽ വിദ്യാർഥികളെ നയിക്കാൻ സീഡ് പദ്ധതിക്ക് കഴിയുന്നു. മണ്ണിനോടും പ്രകൃതിയോടും സ്‌നേഹമുള്ളവരാക്കി കുട്ടികളെ മാറ്റുന്നതിലൂടെ നന്മയുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയും. കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ ചെറിയ ക്ലാസ്സുകളിൽ തന്നെ തുടങ്ങണമെന്നും എം.എൽ.എ. പറഞ്ഞു.
  കൊട്ടാരക്കര നഗരസഭാ ഉപാധ്യക്ഷൻ സി.മുകേഷിന്റെ അധ്യക്ഷതയിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജോർജ് എം.വി., കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ മേഴ്‌സി ജോസഫ്, വി.സന്ദീപ് എന്നിവർ സംസാരിച്ചു. ജൈവകൃഷിരീതികളെക്കുറിച്ച് സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം പ്രൊഫസർ എം.ആർ.ബിന്ദു, ലവ് പ്ലാസ്റ്റിക് എന്ന വിഷയത്തിൽ ഇ.കെ.പ്രകാശ് എന്നിവർ ക്ലാസെടുത്തു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽനിന്നുള്ള സീഡ് കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു.  
 

July 07
12:53 2018

Write a Comment

Related News