environmental News

ഗ്രീന്‍ലാന്‍ഡില്‍ ഭീമാകാര മഞ്ഞുപാളി 'ഒഴുകിപ്പോയ'തായി ഗവേഷകര്‍.

ഭൗമോപരിതലത്തിന്റെ ആകൃതിതന്നെ മാറ്റുംവിധത്തില്‍ ധ്രുവമേഖലയില്‍ അതി ബൃഹത്തായ മഞ്ഞുരുകല്‍ സംഭവിച്ചതായി ഗവേഷകര്‍. കിഴക്കന്‍ ഗ്രീന്‍ലാന്‍ഡ് മേഖലയിലെ റിങ്ക് മഞ്ഞുപാളിയാണ് വലിയ തോതില്‍ ഉരുകിമാറിയതെന്ന് നാസയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

മഞ്ഞുപാളിയിലുണ്ടായ അതിഭീമമായ മഞ്ഞുരുകലിനെ തുടര്‍ന്ന് മഞ്ഞും വെള്ളവും ചേര്‍ന്ന മിശ്രിതം നാല് മാസംകൊണ്ട്  24 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കടലില്‍ പതിച്ചത്. മഞ്ഞിന്റെ ബൃഹത്തായ ഈ പ്രവാഹം ഭൂമിയുടെ ഉപരിതലത്തിന്റെ രൂപംതന്നെ മാറ്റിയതായും വലിയ വിള്ളല്‍ രൂപപ്പെടുത്തിയതായും ഗവേഷകരിലൊരാളായ എറിക് ലാറര്‍ പറഞ്ഞു. വെള്ളമായും മഞ്ഞായും പ്രതിമാസം 167 കോടി ടണ്‍ ആണ് ഇവിടെനിന്ന് ഒഴുകി കടലിലെത്തിയത്. അങ്ങനെ നാല് മാസംകൊണ്ട് ഒഴുകിപ്പോയത് 668 കോടി ടണ്‍ മഞ്ഞാണ്. 

'ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ്' എന്ന അന്തര്‍ദേശീയ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ സുരേന്ദ്ര അധികാരിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ആറ് കിലോമീറ്ററോളം വീതിയും ഒരു കിലോമീറ്ററോളം ഘനവുമുള്ളതാണ് റിങ്ക് മഞ്ഞുപാളി. മഞ്ഞുരുകല്‍ ഉണ്ടായത് പ്രധാനമായും മഞ്ഞുപാളിയുടെ ഉപരിതലത്തിന് അടിഭാഗത്താണ്. മഞ്ഞിന്റെ ഒരു വലിയ തിരമാല (Wave of Ice Bend) പോലെയാണ് ഈ മഞ്ഞുരുകല്‍ പ്രതിഭാസം ഉണ്ടായതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇത് കൃത്യമായി എങ്ങനെ സംഭവിച്ചെന്നും എന്താണിതിന് കാരണമായതെന്നും വ്യക്തമായി പറയാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.

2012ലെ കടുത്ത വേനലില്‍ വന്‍തോതിലുണ്ടായ മഞ്ഞുരുകലിന്റെ തുടര്‍ച്ചയായാണ് ഇത് സംഭവിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ ഫലമായി മഞ്ഞുപാളിക്ക് അടിയില്‍ വലിയതോതില്‍ വെള്ളം രൂപപ്പെടുകയും ഇത് റിങ്ക് മഞ്ഞുപാളിക്ക് സ്ഥാനചലനമുണ്ടാക്കുകയും ചെയ്തതാകാം. ഭൂഗുരുത്വത്തിന്റെ ഫലമായി ഒരു പ്രവാഹമായി ഇത് രൂപപ്പെട്ടിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

നാലുമാസംകൊണ്ട് ബൃഹത്തായ ഒരു മേഖലയിലാകെ സംഭവിച്ച ഈ പ്രതിഭാസം പ്രത്യക്ഷത്തില്‍ കണ്ണുകള്‍ക്ക് ഗോചരമല്ല. ജിപിഎസ് സെന്‍സറുകളുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഈ വന്‍ തിരയുടെ പ്രവാഹം തിരിച്ചറിഞ്ഞത്. 

July 13
12:53 2018

Write a Comment