SEED News

മാതൃഭൂമി സീഡ്-ഹരിതകേരളം മിഷൻ ഡോക്ടേഴ്സ് ദിനാചരണം അട്ടപ്പാടിയുടെ സ്വന്തം ഡോക്ടർക്ക് കുട്ടികളുടെ ആദരം


മാതൃഭൂമി സീഡ്-ഹരിതകേരളം മിഷൻ ഡോക്ടേഴ്സ് ദിനാചരണം
അട്ടപ്പാടിയുടെ സ്വന്തം ഡോക്ടർക്ക് കുട്ടികളുടെ ആദരം

 അഗളി: ആദിവാസിമേഖലയിൽ രോഗികളുടെ മനസ്സറിഞ്ഞ് സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ചികിത്സിക്കുന്ന ഡോക്ടർക്ക് കുട്ടികളുടെ ആദരം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസിനെ കാരറ ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് ആദരിച്ചത്. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബും ഹരിതകേരള മിഷനും ചേർന്നാണ് ആദരമൊരുക്കിയത്. കുട്ടികളും അധ്യാപകരും ആശുപത്രിയിലെത്തി ഡോക്ടർക്ക് പൂച്ചെണ്ടും ഉപഹാരവും നൽകി. 
1996 മുതൽ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന ഡോക്ടർ പ്രഭുദാസിന് മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡടക്കം നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വിദൂര ഊരുകളിൽപ്പോലും പോയി രോഗികൾക്ക് ചികിത്സനൽകാൻ അദ്ദേഹം മടിക്കാറില്ല. യാത്രാസൗകര്യമില്ലാതിരുന്ന ആദ്യകാലത്ത് 20 കിലോമീറ്ററിലധികം നടന്ന് ഊരുകളിലെത്തി ചികിത്സ നൽകിയിരുന്ന ഡോക്ടർ അട്ടപ്പാടിക്കാർക്ക് ആശ്വാസമാണ്. രാപകൽ രോഗികളെ പരിപാലിക്കുന്ന അദ്ദേഹം ഇതുവരെ സ്വകാര്യ പ്രാക്ടീസ് നടത്തിയിട്ടില്ല.
പലതവണ സ്ഥലംമാറ്റമായി പോയിട്ടും ആദിവാസിവിഭാഗത്തിന്റെ നിരന്തര ആവശ്യത്തെത്തുടർന്ന് ഇവിടേക്കുതന്നെ സർക്കാർ നിയോഗിക്കയായിരുന്നു. 2010ൽ കൊരട്ടി തിരുമുടിക്കുന്ന് കുഷ്ഠരോഗാശുപത്രി സൂപ്രണ്ടായിപ്പോയപ്പോൾ അട്ടപ്പാടിക്കാരുടെ നിവേദനത്തെത്തുടർന്ന് കോട്ടത്തറ ആസ്പത്രി സൂപ്രണ്ടായി നിയമിച്ചു. എന്നാൽ, അദ്ദേഹത്തിനായി കൊരട്ടിക്കാരുടെ സമ്മർദമേറിയപ്പോൾ സർക്കാർ വീണ്ടും അവിടേക്ക് നിയമിച്ചിരുന്നു. 
ഗോത്രവിഭാഗക്കാർക്കിടയിലെ വിളർച്ചയും അരിവാൾരോഗമടക്കമുള്ളവക്കെതിരേ ബോധവത്കരണത്തിനും ഡോക്ടർ മുൻകൈയെടുക്കുന്നു. അട്ടപ്പാടിയിൽ ശിശുമരണമുണ്ടായപ്പോൾ ആരോഗ്യവിഭാഗം നോഡൽ ഓഫീസറായി സർക്കാർ നിയോഗിച്ചതും ഡോ. പ്രഭുദാസിനെയാണ്.
കോട്ടത്തറ ആശുപത്രിയെ മാലിന്യമുക്തമാക്കുന്നതിനും സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾക്കർഹമാക്കുന്നതിനും ഡോക്ടർ മുന്നിൽനിന്ന്‌ പ്രവർത്തിച്ചു. 
ആശുപത്രയിൽനടന്ന ആദരവ് ചടങ്ങിൽ കാരറ സ്കൂൾ പ്രധാനാധ്യാപിക കെ. പുഷ്പലത അധ്യക്ഷയായി. മുൻ പ്രധാനാധ്യാപകൻ പി.ജി. ജയിംസ്, വിദ്യാർഥികളായ ആർ. കൃഷ്ണപ്രിയ, മാളവികമനോജ്, ആശുപത്രി നഴ്സിങ് സൂപ്രണ്ട് വിനീത, സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ജയചന്ദ്രൻ, മാതൃഭൂമി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ സീഡ് ജില്ലാതല വിജയികളാണ് കാരറ സ്കൂൾ.

July 19
12:53 2018

Write a Comment

Related News