reporter News

താമരക്കുളം ഇരപ്പൻപാറ വെള്ളച്ചാട്ടം ജില്ലാ ടൂറിസത്തിന്റെ ഭാഗമാക്കണം

ചാരുംമൂട്: താമരക്കുളമെന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിന് പ്രകൃതി നൽകിയ സമ്മാനമാണ് ഗ്രാമപ്പഞ്ചായത്ത് ടൗൺ വാർഡിലെ ഇരപ്പൻപാറ വെള്ളച്ചാട്ടം. കാഴ്ചയ്ക്ക് വിരുന്നായി മാറിയ വെള്ളച്ചാട്ടവും പരിസരവും സംരക്ഷിക്കാൻ പദ്ധതികളുണ്ടാവണം. ആലപ്പുഴ ജില്ലാ മെഗാ ടൂറിസം പദ്ധതിയിലുള്ള വയ്യാങ്കരച്ചിറയും ഞങ്ങളുടെ  ഗ്രാമത്തിലാണ്. കാലവർഷക്കാലത്ത്  ഇരപ്പൻപാറ കൂടുതൽ സുന്ദരിയാകും. അപ്പോൾ ഇവിടേക്ക് ധാരാളം സന്ദർശകർ എത്തിച്ചേരും. തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം താഴ്ചയിലുള്ള പാറയിൽ പതിച്ച് പതഞ്ഞ് ഒഴുകിയകലുന്നത് കാണാൻ ഏറെ രസമാണ്. വയ്യാങ്കരച്ചിറ ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. ചിറയിൽനിന്നുള്ള വെള്ളമുൾപ്പെടെയാണ് തോട്ടിലൂടെ ഒഴുകി ഇരപ്പൻപാറയിൽ പതിക്കുന്നത്. കലുങ്കുകൾക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളം  പാറകളിലേക്ക് പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകൾക്കകലെവരെ കേൾക്കാൻ കഴിയും. ഇതിനാലാണ് സ്ഥലം ഇരപ്പൻപാറ എന്നറിയപ്പെടുന്നത്. വെള്ളച്ചാട്ടം കാണാൻ മാത്രമല്ല സീരിയലുകൾ, ആൽബങ്ങൾ എന്നിവയുടെ ചിത്രീകരണത്തിനും ധാരാളം ആളുകൾ എത്താറുണ്ട്. താമരക്കുളത്തുനിന്ന്‌ ഓച്ചിറയ്ക്കുള്ള റോഡരികിലാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം. കടുത്ത വേനലിൽ ഇവിടെ ഒട്ടും വെള്ളമില്ലാതാവും എന്നതാണ് ഞങ്ങളുടെ വിഷമം. ഇരപ്പൻപാറ കൂടി ജില്ലാ ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റിയാൽ എല്ലാ സീസണിലും വെള്ളച്ചാട്ടം നിലനിർത്താൻ കഴിയും. വേനലിൽ താഴെനിന്ന്‌ വെള്ളം മോട്ടോറിന്റെ സഹായത്താൽ മുകളിലെത്തിച്ച് താഴേക്ക് ഒഴുക്കാം. വെള്ളച്ചാട്ടത്തിന്‌ ചുറ്റുപാടുമുള്ള സ്ഥലം സൗന്ദര്യവത്‌കരിക്കണം. സന്ദർശകർക്ക് ഇരിപ്പിടങ്ങളുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം. അപകടങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് കൈവരികളും നിർമിക്കണം. വയ്യാങ്കരച്ചിറയിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ഇരപ്പൻപാറയെയും മാറ്റുവാനുള്ള പദ്ധതികളാണുണ്ടാവേണ്ടത്.

എസ്.ജെ. ഫാത്തിമ, 
സീഡ് റിപ്പോർട്ടർ, 
വി.എച്ച്.എസ്.എസ്.,
ചത്തിയറ.

July 23
12:53 2018

Write a Comment