environmental News

മീനച്ചിലാറിൽ ഒഴുകിയെത്തിയത് 500 ടൺ മാലിന്യങ്ങൾ!

 കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിലാറിലൂടെ ഈ മഴക്കാലത്ത് ഒഴുകിയെത്തിയത് ടൺ കണക്കിന് പലാസ്റ്റിക് മാലിന്യങ്ങളാണ്. ഏകദേശം 500 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ മഴക്കാലത്ത് മീനച്ചിലാറിലൂടെ ഒഴുകിയെത്തിയത്. ആറുകളിലൂടെയും തോടുകളിലൂടെ ആളുകൾ ഒഴുക്കിവിട്ട മാലിന്യങ്ങളുടെ ദുരിതമനുഭവിച്ചത് കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ്. വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലൂടെ ഒഴികിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങോട്ടു നീക്കണമെന്ന ആശങ്കയിലാണ് ജനങ്ങൾ. ആറിന്റെ അടിത്തട്ടിൽ ഏകദേശം 10 മീറ്റർ ഘനത്തിൽ ഇവ കെട്ടിക്കിടക്കുകയാണ്. 

മീനച്ചിലാറും കൈവഴികളും മണിമലയുടെ പകുതിയും മൂവാറ്റുപുഴയാറിന്റെ കാൽഭാഗവുമാണ് കോട്ടയം ജില്ലയിൽ എത്തുന്ന കിഴക്കൻവെള്ളത്തെ പുറത്തെത്തിക്കുന്നത്. പെയ്ത്തുവെള്ളത്തിൽ ഒരു ഭാഗം ഭൂമിയിലേക്കും മറ്റൊരു ഭാഗം നദികളിലൂടെ കായലിലേക്കും പോകുന്നതായിരുന്നു പ്രകൃതിയുടെ ജലശാസ്ത്രം. ഈ താളം തെറ്റിയതോടെ കോട്ടയത്തിന്റെ ജലശാസ്ത്രവും മാറി. മീനച്ചിലാറിന്റെ വെള്ളം ഉയരുന്ന നിരക്ക് അടുത്ത കാലത്തായി പതിന്മടങ്ങ് ഉയർന്നു. അതേ സമയം ജലം താഴുന്നതിനുള്ള സമയം കൂടി.

മീനച്ചിലാറിന്റെ വീതി കുറഞ്ഞു. കൈവഴികളിൽ പലതും ഇല്ലാതായി. ചിലത് അടഞ്ഞു. മീനച്ചിലാറിന്റെ ജലസമ്പത്തും മാറി. വെള്ളംകുറഞ്ഞ് വർഷത്തിൽ 40 ദിവസം ഒഴുക്കു നിലയ്ക്കുന്നതായിരുന്നു മുൻപ് മീനച്ചിലാറിന്റെ സ്വഭാവം. ഇപ്പോൾ 90 മുതൽ 100 ദിവസം വരെ ഒഴുക്കില്ലാദിനങ്ങൾ. ഭൂഗർഭ ജല സമ്പത്ത് ഇല്ലാത്തതാണു കാരണം. വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നില്ലെന്നു ചുരുക്കം.പാടങ്ങൾ കുറഞ്ഞു. അശാസ്ത്രീയമായ കെട്ടിട നിർമാണങ്ങൾ വെള്ളത്തിന്റെ ഒഴുക്കുവഴികൾ അടച്ചു. ഇതിനെല്ലാം പുറമേ മാലിന്യങ്ങളും വലിച്ചെറിച്ച് മീനച്ചിലാറിനെ ഇല്ലാതാക്കാനൊരുങ്ങുകയാണ് ജനങ്ങൾ

ആരോടാണ് പരാതി പറയേണ്ടത്. എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയാമെങ്കിലും ഈ കുറ്റം ആരുടെ തലയിൽ കെട്ടിവയ്ക്കും. അധികാരികൾ ഇടപെട്ടാൽ നിലവിലെ മാലിന്യങ്ങൾ നീക്കാമായിരിക്കും പക്ഷേ മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്ന ശീലം നമ്മൾ തുടരുന്നിടത്തോളം കാലം പുഴ ഇല്ലാതായിക്കൊണ്ടിരിക്കും. പുഴയുടെ നിലനിൽപ്പിനായി മാറേണ്ടത് അധികാരികളല്ല. നാമോരുരുത്തരുമാണ്.









July 24
12:53 2018

Write a Comment