SEED News

പ്രകൃതിസംരക്ഷണപാഠം പകർന്ന്‌ മൺവിള ഭാരതീയ വിദ്യാഭവൻ

കഴക്കൂട്ടം: പ്രകൃതി സംരക്ഷണപാഠങ്ങൾ പകർന്നു നൽകി മൺവിള ഭാരതീയ വിദ്യാഭവനിൽ ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചു. പ്രകൃതി സൗഹൃദമായി ജീവിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുന്നതിനും വിദ്യാർത്ഥികൾക്ക്‌ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതോത്സവത്തിന്റെ ഭാഗമായാണ്‌ ദിനാചരണം സംംഘടിപ്പിച്ചത്‌.

പ്രകൃതി സൗഹൃദ ആശയങ്ങൾ പങ്കുവച്ച്‌ കുട്ടികൾ രചിച്ച 200 ൽപ്പരം കവിതകൾ ‘വർണച്ചിറകുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി കവിതാ സമാഹാരം ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം ചെയർമാൻ കെ.എസ്‌. പ്രേമചന്ദ്രക്കുറുപ്പ്‌ മേയർ വി.കെ. പ്രശാന്തിന്‌ നൽകി പ്രകാശനം ചെയ്തു.

കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകാവതരണം നടത്തി. കൗൺസിലർമാരായ സുനി ചന്ദ്രൻ, ലതാകുമാരി, കേന്ദ്രം വൈസ്‌ ചെയർമാൻ വി. ഉണ്ണികൃഷ്ണൻനായർ, പ്രൊഫ. സി. മോഹനകുമാർ, പ്രിൻസിപ്പൽ രാധാ വിശ്വകുമാർ, അധ്യാപകരായ പി.ജെ. വൃന്ദ, ഡി. ദിലീപ്‌ എന്നിവർ സംസാരിച്ചു.

പ്രകൃതി സംരക്ഷണ ആശയങ്ങൾ പങ്കുവയ്ക്കുന്ന കുട്ടികളുടെ കവിതാ സമാഹാരം പി.ടി.എ.യുടെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളും വിലയ്ക്ക്‌ വാങ്ങും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്‌ പ്രകൃതി സംരക്ഷണ ആശയങ്ങൾ പങ്കുവയ്ക്കുന്ന ഡോക്യുമെന്ററി നിർമിക്കുകയാണ്‌ സീഡ്‌ ക്ളബ്ബ്‌ ലക്ഷ്യമിടുന്നത്‌.


July 31
12:53 2018

Write a Comment

Related News