SEED News

കുട്ടനാടിന്‌ സഹായവുമായി മണ്ണഞ്ചേരി സ്കൂളും

മണ്ണഞ്ചേരി: പ്രളയക്കെടുതിയിൽ മുങ്ങിക്കിടക്കുന്ന കുട്ടനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി മണ്ണഞ്ചേരി സ്കൂളിലെ കുട്ടികളും. ആഹാരസാധനങ്ങളും തുണിത്തരങ്ങളുമടക്കം ഇരുപത്തിമൂന്നുതരം സാധനങ്ങളുമായാണ് മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും സഹജീവികളുടെ ദുരിതത്തിൽ കൈത്താങ്ങായത്.  പഠനത്തോടൊപ്പം കാരുണ്യവഴിയിലും മറ്റു സ്‌കൂളുകൾക്ക് മാതൃകയായിരിക്കുകയാണ് മണ്ണഞ്ചേരി സർക്കാർ സ്‌കൂളിലെ കുട്ടികൾ. ശേഖരിച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും കുടിവെള്ളവും കുട്ടനാടിനെ സഹായിക്കാനായി മാതൃഭൂമിയുടെ ഉദ്യമമായ ‘കുട്ടനാടിനൊരു കൈത്താങ്ങി’ലേക്ക് കൈമാറി. പ്രധാനാധ്യാപിക എം.കെ.സുജാതകുമാരിയുടെ നേതൃത്വത്തിൽ മാതൃഭൂമി ഓഫീസിലെത്തിയ അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്ന്‌ ന്യൂസ് എഡിറ്റർ എസ്.പ്രകാശ് സാധനങ്ങൾ ഏറ്റുവാങ്ങി. തണുത്തുവിറച്ച അന്തരീക്ഷത്തിൽ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് പുതപ്പുകൾ, നൈറ്റി, മുണ്ട്, തോർത്ത് തുടങ്ങിയ തുണിത്തരങ്ങളും കുപ്പിവെള്ളം, ഉഴുന്ന്, മല്ലിപ്പൊടി, പരിപ്പ്, ചെറുപയർ, അരി തുടങ്ങിയ വിവിധയിനം ഭക്ഷ്യധാന്യങ്ങളുമാണ് ശേഖരിച്ചത്. ഒറ്റദിവസംകൊണ്ടാണ് കുട്ടികൾ ഇത്രയും സാധനങ്ങൾ വീട്ടിൽനിന്ന്‌ കൊണ്ടുവന്നത്. ചൊവ്വാഴ്ച നടന്ന സ്കൂൾ അസംബ്ളിയിൽ അറിയിച്ചതനുസരിച്ചാണ് ബുധനാഴ്ച രാവിലെ സാധനങ്ങളുമായി കുട്ടികൾ എത്തിയത്. അധ്യാപകരും സാധനങ്ങളുമായി കൂടെച്ചേർന്നതോടെ വിഭവങ്ങളുടെ എണ്ണം കൂടി. 
ഒന്നിൽക്കൂടുതൽ ഭക്ഷ്യസാധനങ്ങൾവരെ ചില കുട്ടികൾ കൊണ്ടുവന്നിരുന്നെന്ന് എം.കെ.സുജാതകുമാരി ടീച്ചർ പറഞ്ഞു. ഒന്നുമുതൽ പത്തുവരെയുള്ള ക്ളാസുകളിലെ കുട്ടികൾ ഒരേ മനസ്സോടെ നിന്നതാണ് വിഭവങ്ങൾ ഇത്രയും ശേഖരിക്കാൻ സാധിച്ചതെന്ന് എസ്.എം.സി.ചെയർമാൻ സി.എച്ച്.റഷീദ് പറഞ്ഞു. മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം നടന്നത്. സീനിയർ അസിസ്റ്റൻഡ് കെ.പി.രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം.സാജിദ, സീഡ് കൺവീനർ എൽ.സരസ്വതിയമ്മ, എസ്.എം.സി.ചെയർമാൻ സി.എച്ച്.റഷീദ്, അധ്യാപകരായ എ.ജി.ജാക്‌സൺ, ടി.സി.സെബാസ്റ്റ്യൻ, ഡി.ദിലീപ്കുമാർ എന്നിവരും ചേർന്നാണ് ശേഖരിച്ച സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറിയത്.   

August 01
12:53 2018

Write a Comment

Related News