SEED News

കുട്ടനാടിന് കൈത്താങ്ങായി തേവർവട്ടം ഗവ. എച്ച്.എസ്.എസും തുറവൂർ ടി.ഡി.എച്ച്.എസും

ആലപ്പുഴ: കാലവർഷക്കെടുതിയിൽ ദുരിതത്തിലായ കുട്ടനാടൻ ജനതയ്ക്ക് കരുതലുമായി പൂച്ചാക്കൽ തേവർവട്ടം ഗവ.എച്ച്.എസ്.എസ്. വിദ്യാർഥികളും. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമുൾപ്പെടെയുള്ളവ ശനിയാഴ്ച മാതൃഭൂമിയുടെ ഓഫീസിലെത്തി ‘കുട്ടനാടിനൊരു കൈത്താങ്ങിലേക്ക്’ കൈമാറി.
മാതൃഭൂമി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സ്കൂളിലെ വിഭവസമാഹരണം.
 രണ്ടുദിവസം കൊണ്ടാണ് സ്കൂളിലെ വിദ്യാർഥികൾ കുട്ടനാടിനൊരു കൈത്താങ്ങിലേക്ക് വിഭവങ്ങൾ ശേഖരിച്ചത്. സ്കൂളിലെ ഒന്നുമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളും ഇതിലേക്ക് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ നൽകി. നോട്ട് ബുക്ക്, സോപ്പ്, മരുന്നുകൾ, ഡെറ്റോൾ, ടീ ഷർട്ട്, ബെഡ് ഷീറ്റ്, വെള്ളം തുടങ്ങിയവയാണ് വിദ്യാർഥികൾ ശേഖരിച്ചത്.  ഇതുകൂടാതെ സ്കൂളിലെ മറ്റ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമാഹരിച്ച വിഭവങ്ങൾ കുട്ടനാട്ടിലെ 12 ക്യാമ്പുകളിലായി വിദ്യാർഥികൾ നേരിട്ട് വിതരണം ചെയ്തു. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ വി.ആർ.രജിത കുമാരി, പി.ടി.എ. പ്രസിഡന്റ് ടി.ദേവരാജൻ, ആർ.രാജീവ്, ജോസ് തര്യൻ, സുജിമോൾ, സ്മിതാ സതീശൻ, കെ.അരുൺകുമാർ തുടങ്ങിയവർ ചേർന്ന് ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും കൈമാറി.
ആലപ്പുഴ: കാലവർഷക്കെടുതിയിൽ പ്രളയത്തിൽ മുങ്ങിയ കുട്ടനാടിന് ആശ്വാസം പകരാൻ സഹായവുമായി തുറവൂർ ടി.ഡി.എച്ച്.എസ്. സ്കൂൾ വിദ്യാർഥികളും അധ്യാപകരും. 
ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളുമുൾപ്പെടെ ഇരുപത്തിയഞ്ചിൽപ്പരം സാധങ്ങളാണ് കുട്ടനാടൻ ജനതയ്ക്ക് കൈത്താങ്ങായി വിദ്യാർഥികൾ ശേഖരിച്ചത്. ഇത് അധ്യാപക-വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച മാതൃഭൂമിയുടെ ഓഫീസിലെത്തി ‘കുട്ടനാടിനൊരു കൈത്താങ്ങിലേക്ക്’ കൈമാറി. മാതൃഭൂമി നന്മ-സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സ്കൂളിലെ വിഭവസമാഹരണം.  ഹൈസ്കൂൾ വിദ്യാർഥികളായ ഇവർ അരി, പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവ രണ്ടുദിവസം കൊണ്ടാണ് ശേഖരിച്ചത്.  കൂടാതെ അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ സമാഹരിച്ച 5000 രൂപയും കുട്ടനാടിനൊരു കൈത്താങ്ങിലേക്ക് നൽകി. സ്കൂൾ പ്രിൻസിപ്പൽ കുമാരി കെ.എൻ.പത്മം, നന്മ കോ-ഓർഡിനേറ്റർ എസ്.ബ്രൈറ്റി, അധ്യാപകരായ രേഖ ശ്രീനാഥ്, സന്ധ്യ എൻ.പൈ, സ്കൂൾ വിദ്യാർഥികളായ എ.വിഷ്ണു, ആദിത്യൻ ഉദയകുമാർ, വിഷ്ണു പ്രസാദ്, എസ്.ദക്ഷിണാമൂർത്തി, അഞ്ജന ദാസ്, ആവണി കൃഷ്ണ തുടങ്ങിയവർ ചേർന്ന്‌ ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും കൈമാറി.

August 01
12:53 2018

Write a Comment

Related News