SEED News

പുതിയ അനുഭവമായി 'സീഡ്' റിപ്പോര്‍ട്ടര്‍ ശില്പശാല

കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറായി തിളങ്ങുകയെന്ന മോഹത്തിന് നിറങ്ങള്‍ ചാര്‍ത്തി 'മാതൃഭൂമി സീഡ്' റിപ്പോര്‍ട്ടര്‍ ശില്പശാല വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. പത്ര, ദൃശ്യ, ശ്രാവ്യ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പുതിയ അവബോധം നല്‍കുന്നതായിരുന്നു ശനിയാഴ്ച കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ശില്പശാല. 
പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി പല വിഷയങ്ങളില്‍ വാര്‍ത്തകളെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായി ശില്പശാലയിലെ ക്ലാസുകള്‍.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ശില്പശാല ഫെഡറല്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ മോണിറ്ററിങ് വിഭാഗം അസി. വൈസ് പ്രസിഡന്റ് കെ.ബി. ബിജു ഉദ്ഘാടനം ചെയ്തു. 
സമാപനച്ചടങ്ങില്‍ 'മാതൃഭൂമി' സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാറും യൂണിറ്റ് മാനേജര്‍ പി. സിന്ധുവും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 
പത്ര റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് 'മാതൃഭൂമി' സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, റേഡിയോ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് ജി. പ്രിയരാജ്, ടി.വി. റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് 'മാതൃഭൂമി ന്യൂസ്' റിപ്പോര്‍ട്ടര്‍ റിയ ബേബി എന്നിവര്‍ ക്ലാസെടുത്തു. 
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 120ലേറെ വിദ്യാര്‍ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തു. 




August 06
12:53 2018

Write a Comment

Related News