SEED News

പ്ലാസ്റ്റിക്കിനെതിരായ മാതൃഭൂമിയുടെ ഉദ്യമം മാതൃകാപരം -മുഖ്യമന്ത്രി

തിരുവനന്തപുരം: മാതൃഭൂമി സീഡിന്റെ ഹരിതപദ്ധതിയായ ‘ലവ് പ്ലാസ്റ്റിക്കി’ന്റെ എട്ടാം അധ്യായത്തിന് തുടക്കമായി. മാതൃഭൂമിയും ഇൗസ്റ്റേൺ ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രകൃതിയിലേക്ക്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശേഖരിച്ച് പുനഃചംക്രമണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലവ് പ്ലാസ്റ്റിക് വാഹനത്തിന്റെ ഫ്ലാഗ്‌ ഓഫ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി നിർവഹിച്ചു. സമൂഹത്തിന് മാത്രമല്ല, പ്രകൃതിയിലെ ജീവനുതന്നെ പ്ലാസ്റ്റിക് ഭീഷണിയാണെന്നും ഇതിനെതിരായുള്ള ‘മാതൃഭൂമി’യുടെ ഉദ്യമം ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നല്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹരിതകേരളം മിഷന്റെ ഭാഗമായി പ്ലാസ്റ്റിക്കിനെതിരായ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ടുള്ള നടപടികൾക്ക് മാതൃഭൂമി മുൻകൈയെടുക്കുന്നത് ഏറെ മാതൃകാപരമാണ്. മാതൃഭൂമി വിവിധ സ്കൂളുകളിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നു. ഇനിയും ഇത്തരം നല്ലകാര്യങ്ങളുമായി മാതൃഭൂമി മുന്നോട്ടുപോകണം -മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷനായി. സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് മാതൃഭൂമി ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതിയാണ് ‘ലവ് പ്ലാസ്റ്റിക്’ എന്ന് പി.വി. ചന്ദ്രൻ പറഞ്ഞു. ഇപ്പോൾ 1400-ലധികം സ്കൂളുകൾ പദ്ധതിയിൽ പങ്കാളികളാണ്. മൂന്നരലക്ഷത്തിലേറെ കിലോ പ്ലാസ്റ്റിക് മാലിന്യം പുനഃചംക്രമണത്തിന് എത്തിച്ചുകഴിഞ്ഞു. പരിസ്ഥിതി സംബന്ധിയായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നേതൃത്വം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കാര്യങ്ങൾക്ക് മാതൃഭൂമി നേതൃത്വം വഹിക്കുന്നുണ്ട്്. ഗുരുവായൂർ സത്യാഗ്രഹം മുതൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസം വരെയെത്തി നിൽക്കുന്നു ഈ ഇടപെടലുകൾ -അദ്ദേഹം പറഞ്ഞു.

തലസ്ഥാനനഗരത്തിലെ പ്ലാസ്റ്റിക് നിർമാർജനപ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് മാതൃഭൂമി നടത്തുന്നതെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. മാതൃഭൂമി ഏറ്റെടുത്ത ദൗത്യം വലുതാണ്. പ്ലാസ്റ്റിക് മാലിന്യം കോർപ്പറേഷൻ ഏറ്റെടുക്കും. തിരുവനന്തപുരം ജില്ലയിലെ സീഡ് പദ്ധതിയിലുൾപ്പെട്ട സ്കൂളുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ചടങ്ങിൽ മേയർക്ക് പ്രതീകാത്മകമായി കൈമാറി.

ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് എം. മീരാൻ സ്വാഗതം പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ ബദൽ ഉത്‌പന്നങ്ങളുടെ മാതൃക പ്രൊഫ. നിർമലാ പദ്മനാഭൻ ചടങ്ങിൽ അവതരിപ്പിച്ചു. മാതൃഭൂമി തിരുവനന്തപുരം സീനിയർ ന്യൂസ് എഡിറ്റർ ബി. രമേഷ്‌ കുമാർ നന്ദി പറഞ്ഞു.

കുട്ടികൾ ശേഖരിച്ച്, തരംതിരിച്ച്, കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് സ്കൂളുകളിൽനിന്ന് മാതൃഭൂമി നേരിട്ട് സ്വീകരിച്ചാണ് ‘ലവ് പ്ലാസ്റ്റിക്’ പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ വിവിധ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റുകളിൽ ‘ലവ് പ്ലാസ്റ്റിക്’ വാഹനത്തിൽ എത്തിക്കും.

1472 സ്കൂളുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാതൃഭൂമി ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്. ഏഴുവർഷംമുമ്പ് മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

August 10
12:53 2018

Write a Comment

Related News