reporter News

അവഗണനയുടെ തുരുത്തിൽ തീരദേശജനത

അമ്പലപ്പുഴ: അധികൃതരുടെ അവഗണനയിൽ നിന്ന് മോചനം തേടി തീരദേശവാസികൾ. കടലേറ്റത്തിന്റെ ഭീകരത ഇവരെ പിൻതുടരുകയാണ്. കടലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് തീരം വിട്ടൊരു ജീവിതം അസാധ്യവും. ജീവിതകാലം മുഴുവൻ അധ്വാനിച്ച് സമ്പാദിച്ച വീടും സ്ഥലവും കടലെടുത്തവർ നിരവധിയാണ്. പലരും കാലങ്ങളായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. ഇവരുടെ മക്കൾക്ക് സ്വസ്ഥമായി പഠിക്കാൻ പോലും അവസരം കിട്ടാറില്ല. 
സർക്കാരിന്റെ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്ത ഇവർ തൊഴിൽമേഖലയിൽ ഇടനിലക്കാരുടെ കടുത്ത ചൂഷണത്തിനും വിധേയരാകുന്നു.  കടലേറ്റത്തെ തടയാൻ കരിങ്കൽചിറ കെട്ടുകയല്ലാതെ ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ സർക്കാർ ഏജൻസികൾ ശ്രമിക്കാറില്ല. കണ്ടൽവനങ്ങൾ തീരത്ത് വച്ച് പിടിപ്പിക്കാനുള്ള നിർദേശങ്ങളും അവഗണിക്കപ്പെടുന്നു. കടലേറ്റത്തെത്തുടർന്ന് ജീവിതം ദുരിതാശ്വാസക്യാമ്പിലേയ്ക്ക് പറിച്ചുമാറ്റപ്പെട്ട കുടുംബങ്ങളിലെ 24 കുട്ടികളാണ് നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിലുള്ളത്. ഇവരുടെ വേദന സഹപാഠികൾ ഏറ്റെടുക്കുകയാണ്. അവർക്കായി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും, തണൽ കൂട്ടായ്മയും ചേർന്ന് നടത്തുന്ന തീരദേശവാസികൾക്കൊരു കൈത്താങ്ങ് പദ്ധതിയിൽ കുട്ടികളുടെ വലിയ സഹായങ്ങളാണ് ഒഴുകിയെത്തുന്നത്.

സഫ്‌ന സമദ്, സീഡ് 
റിപ്പോർട്ടർ, എസ്.ഡി.വി. ഗവ. യു.പി.സ്കൂൾ, 
നീർക്കുന്നം

August 11
12:53 2018

Write a Comment