GK News

ഗ്രേറ്റ് ബാരിയർ റീഫ് ഇല്ലാതാകുന്നു; കൊന്നത് നാം തന്നെ!...

1500ലേറെ മത്സ്യങ്ങളും ചെറുജീവികളുമുൾപ്പെടെ വൻ ജൈവസമ്പത്തുമായി വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്റെ തീരത്ത് വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫ് എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്നാണ് ഏറ്റവും പുതിയ സർവേ റിപ്പോർട്ട്. കടലിന്നടിയിൽ1400 മൈൽ  നീളത്തിൽ പലവർണങ്ങളിലാണ് ഈ പവിഴപ്പുറ്റുകൾ വ്യാപിച്ചുകിടക്കുന്നത്. എന്നാൽ സമുദ്രജലതാപം ഏറിയതോടെ ഇവയുടെയെല്ലാം നിറം കെട്ടിരിക്കുന്നു. ആഗോളതാപനമാണ് ഇവിടത്തെ പ്രധാന വില്ലൻ. ഗ്രേറ്റ് ബാരിയർ റീഫിന്റെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ‘ബ്ലീച്ചിങ്ങി’ന് വിധേയമായിക്കഴിഞ്ഞെന്നാണ് ജയിംസ് കുക്ക് സർവകലാശാലയിലെ എആർസി സെന്റർ ഓഫ് എക്സലൻസ് ഫോർ കോറൽ റീഫ് സ്റ്റഡീസ് നടത്തിയ സർവേയിൽ കണ്ടെത്തിയത്. 930 മൈൽ പ്രദേശത്തും ബ്ലീച്ചിങ് സംഭവിച്ച് പവിഴപ്പുറ്റുകൾ ‘അന്ത്യശ്വാസം’ വലിക്കാറായ അവസ്ഥയിലെത്തിയെന്നു ചുരുക്കം. 
എന്താണ് ബ്ലീച്ചിങ്?
കടലിന്നടിയിൽ മൈലുകളോളം പല നിറങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പവിഴപ്പുറ്റുകളുടെ കാഴ്ചയാണ് ഗ്രേറ്റ് ബാരിയർ റീഫിനെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ ഇവയ്ക്ക് സ്വന്തമായുള്ള നിറമല്ല ഇത്. പവിഴപ്പുറ്റുകൾക്കുള്ളിൽ, അവയുടെ ശരീരത്തിന്റെ തന്നെ ഭാഗമെന്ന പോലെ പറ്റിപ്പിടിച്ചു ജീവിക്കുന്ന സൂസെൻതെലായ് (zooxanthellae) എന്ന ആൽഗെയാണ് നിറം നൽകുന്നത്. പരസ്പരാശ്രയത്തിലൂടെയുള്ള ഒരുതരം ജീവിതമെന്നും പറയാം. ആൽഗെക്ക് ആവശ്യമായ താമസസ്ഥലവും സംരക്ഷണവും പ്രകാശസംശ്ലേഷണത്തിനാവശ്യമായ  സംയുക്തങ്ങളും നൽകുന്നത് പവിഴപ്പുറ്റുകളാണ്. പ്രകാശ സംശ്ലേഷണം വഴി അവ ഓക്സിജനും പോഷകവസ്തുക്കളായ ഗ്ലൂക്കോസും ഗ്ലിസറോളും അമിനോആസിഡുകളുമെല്ലാം ഉൽപാദിപ്പിക്കുന്നു. ഇവ തങ്ങളുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുകയാണ് പവിഴപ്പുറ്റുകൾ ചെയ്യുക. 
പുറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങൾ നീക്കുന്നതും ആൽഗെയുടെ ചുമതലയാണ്. പവിഴപ്പുറ്റുകളില്ലെങ്കിലും ആൽഗെ ജീവിക്കും. പക്ഷേ ആൽഗെകളില്ലാതെ പുറ്റുകൾ നിറംകെട്ടു നശിച്ചു പോകുകയാണു പതിവ്. ആ അവസ്ഥയെയാണ് ബ്ലീച്ചിങ് എന്നു പറയുന്നത്. വളരെ കുറഞ്ഞ തോതിലാണ് പവിഴപ്പുറ്റുകളുടെ വളർച്ച.  വളർച്ചയുടെ വേഗംവച്ചു നോക്കിയാൽ പ്രതിവർഷം പവിഴപ്പുറ്റുകളുടെ ശരാശരി വളർച്ച .1 ഇഞ്ച് മാത്രമാണ്. അതായത് ഒരിക്കല്‍ നശിച്ചുകഴിഞ്ഞാൽ പിന്നെ ദശാബ്ദങ്ങളെടുക്കും അവ പൂർവസ്ഥിതിയിലാകാൻ.

August 11
12:53 2018

Write a Comment