SEED News

വീട്ടുവളപ്പിൽ മധുരവനമൊരുക്കാൻ കുട്ടിക്കൂട്ടം


കോട്ടയ്ക്കൽ: വിശപ്പിന് നാട്ടുപഴം എന്ന സന്ദേശവുമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് നടപ്പാക്കുന്ന ‘മധുരവനം’പദ്ധതിക്ക് തുടക്കമായി. പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ ഫലവൃക്ഷത്തൈകൾ വീട്ടുവളപ്പിൽ നട്ടുവളർത്താനായി വിദ്യാർഥികൾക്ക് നൽകി.
 ‘സ്നേഹമരം’ എന്ന പേരിൽ കൂട്ടുകാർക്ക് നൽകാനായി നാട്ടുമാവ്, പ്ലാവ് എന്നിവയുടെ തൈകൾ സീഡ് പ്രവർത്തകർ അധ്യാപികയായ ചൂനൂരിലെ കെ. ഹഫ്‌സത്തിന്റെ വീട്ടുപറമ്പിൽ നഴ്‌സറി ഒരുക്കിയാണ് വളർത്തിയെടുത്തത്. വിദ്യാർഥികൾ തൊടിയിൽനിന്ന് ശേഖരിച്ച പേര, ഞാവൽ, ചാമ്പ മുതലായവയുടെ തൈകളും ഇതോടൊപ്പം വിതരണംചെയ്തു. ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്നവർക്ക് സമ്മാനപദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്.
‘കാടറിയാൻ നാടറിയാൻ’ പരിപാടിയുടെ ഭാഗമായി സ്‌കൂൾ പരിസരത്തെ കാവ് സന്ദർശിച്ചു. കൂരിയാട് കല്ലുപറമ്പ് റോഡിലൂടെ നൂറ്റി അമ്പത് മീറ്റർ യാത്രക്കിടയിൽ മൂവില, ചെറൂള, പാൽമുതുക്ക്, ആനക്കുറുന്തോട്ടി, കീഴാർനെല്ലി, മുക്കറ്റി തുടങ്ങി മുപ്പതോളം ഔഷധസസ്യങ്ങൾ പരിചയപ്പെടാൻ സാധിച്ചത് വിദ്യാർഥികൾക്ക് കൗതുകമായി. സസ്യലോകത്തെ അടുത്തറിയാം എന്ന ശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനം കൂടിയായിരുന്നു ഇത്. 
എ. സേതുലക്ഷ്മി, കെ. ഹഫ്‌സത്ത് എന്നീ അധ്യാപികമാരാണ് ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി. സുരേഷ് പരിപാടി ഉദ്ഘാടനംചെയ്തു. ബിനോയ് ഫിലിപ്പ്, കെ. ബാബു, സീഡ് കോ-ഓർഡിനേറ്റർ കെ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.

September 01
12:53 2018

Write a Comment

Related News