SEED News

പച്ചക്കറി കൃഷി:പഴയവിടുതി ഗവ.യു.പി.എസ്‌ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ

രാജാക്കാട്‌: പ്രളയവും, പേമാരിയും, ഉരുൾപൊട്ടലും കാർഷിക മേഖലയെ തകർത്തു. ഈ തോരാ ദുരിതത്തിലും കാർഷിക മേഖലയിൽ നിന്നും ജില്ലക്ക് സന്തോഷത്തിന് നല്ല വാർത്തകളും. സംസ്ഥാന കൃഷി വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലക്ക് വൻ നേട്ടം.

കൃഷിവകുപ്പിന്റെ ഈ വർഷത്തെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്‌കൂൾ വെജിറ്റബിൾ ഗാർഡൻ വിഭാഗത്തിൽ സംസഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡിന് രാജാക്കാട് പഴയവിടുതി ഗവ.യു.പി.സ്കൂൾ അർഹമായി. 75,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു അവാർഡ്‌. സംസ്ഥാനത്തെ മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡും ഇതേ സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ജോയി ആൻൻഡ്രൂസിനു ലഭിച്ചു. 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്. 

2014-15 മുതൽ തുടർച്ചയായി സ്കൂൾ പരിസരത്ത്‌ ജൈവ പച്ചക്കറി കൃഷി നടത്തുന്ന സ്‌കൂളിനു കൃഷിവകുപ്പിന്റെ അഞ്ച്‌ അവാർഡുകൾ അടക്കം ഇരുപതോളം ജില്ലാതല ബഹുമതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്‌. മാതൃഭൂമി സീഡിന്റെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം പഴയ വിടുതി സ്കൂളിനായിരുന്നു. ഒന്നര ഏക്കർ സ്ഥലത്ത് 42 ഇനം പച്ചക്കറികൾ കൃഷി ചെയതു ഒരു ടണ്ണോളം പച്ചക്കറികളാണിവർ വിളവെടുത്തത്. പച്ചക്കറികൾ സ്കളിലെ ഉച്ചഭക്ഷണ ത്തിനായി ഉപയോഗിക്കുന്നു. 
ജില്ലയിലെ മറ്റു അവാർഡുകൾ
1. മികച്ച ജൈവ കാർഷിക മണ്ഡലം ഒന്നാം സ്ഥാനം - പീരുമേട് നിയോജക മണ്ഡലം (15 ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം)
2. മികച്ച തേനീച്ച കർഷകൻ (ഒന്നാം സ്ഥാനം)- ടി.കെ രാജു, തുണ്ടുവയൽ, കാഞ്ചിയാർ (1 ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം)
3. മികച്ച ആദിവാസി ഊര് (രണ്ടാം സ്ഥാനം) - വഞ്ചി വയൽ ( 2 ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം)
4. ഓണത്തിന് ഒരു മുറം പച്ചക്കറി-രണ്ടാം സ്ഥാനം - ബിന്ദു സിബി, മണിയാമ്പാറയിൽ, കരുണാച്ചരം ( 50,000 രൂപ, ഫലകം, പ്രശസ്തിപത്രം)
5. പച്ചക്കറി കൃഷി - മികച്ച സ്വകാര്യ സ്ഥാപനം (മൂന്നാം സ്ഥാനം) - സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റ്, നല്ലത്താണി, മൂന്നാർ (15,000 രൂപ, ഫലകം, പ്രശസ്തിപത്രം).

16നു മലപ്പുറത്തു നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും

September 11
12:53 2018

Write a Comment

Related News