SEED News

സുഗതന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം

ചാരുംമൂട്: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള (യു.പി.വിഭാഗം) പുരസ്കാരംനേടിയ ചാരുംമൂട് താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എൽ.സുഗതൻ മുൻപ് മാതൃഭൂമിയുടെ സീഡ് കോ-ഒാർഡിനേറ്ററായിരുന്നു. കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലക്കാട് പടിഞ്ഞാറ്് പൗർണമിയിലാണ് താമസം. 2013-14 ലെ മാതൃഭൂമി സീഡിന്റെ സംസ്ഥാനതല പുരസ്കാരമായ വിശിഷ്ടഹരിത വിദ്യാലയ അവാർഡ് വി.വി. ഹയർ സെക്കൻഡറി സ്‌കൂൾ നേടിയപ്പോൾ സുഗതനായിരുന്നു സീഡ് കോ-ഓർഡിനേറ്റർ. 17 വർഷമായി ഇവിടെ അധ്യാപകനാണ്.
കുട്ടികൾക്ക് പുസ്തകത്താളുകളിൽനിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം അവരെ സമൂഹത്തിന് അനുയുക്തമായ വ്യക്തിത്വങ്ങളാക്കി മാറ്റിയെടുക്കാൻ പ്രവർത്തിച്ചു. കൊല്ലം കുന്നത്തൂർ പരിസ്ഥിതി സംരക്ഷണ സമിതി കൺവീനറാണ്. സംസ്ഥാനത്തെ നാലായിരത്തോളം സ്കൂളുകളിൽ ബയോഗ്യാസ് പ്ലാന്റും, മഴവെള്ളസംഭരണിയും കൊണ്ടുവന്നത് സുഗതന്റെ പ്രവർത്തനത്തിലൂടെയാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ വിഷം തീണ്ടാത്ത പച്ചക്കറി ഉപയോഗിക്കണമെന്ന ഉത്തരവ്, നിർധന വിദ്യാർഥികളെ സഹായിക്കാൻ സ്കോളർഷിപ്പ്, സഹപാഠിക്ക് ഒരുകൈ സഹായ പദ്ധതി, ലവ്പ്ലാസ്റ്റിക് പദ്ധതി,വാഹനങ്ങളിൽ എയർഹോൺ നിരോധനം, ലഹരിവിമുക്ത പ്രവർത്തനങ്ങള് തുടങ്ങി പ്രവർത്തനങ്ങൾ നീളുന്നു. ശാസ്താംകോട്ട തടാകത്തിന്റെ പുനരുദ്ധാരണം, കലഞ്ഞൂർ, പയ്യനല്ലൂർ പാറമട സംരക്ഷണം, ജൈവകൃഷിപ്രോത്സാഹനം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നീളുന്നു പൊതുപ്രവർത്തനങ്ങൾ. മാതൃഭൂമി-വിദ്യ-വി.കെ.സി. ജൂനിയർ നന്മ പുരസ്കാരം, മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ആലപ്പുഴജില്ല, മാവേലിക്കര വിദ്യാഭ്യാസജില്ലാതല പുരസ്കാരങ്ങൾ, മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള വണ്ടർലാ പുരസ്കാരം തുടങ്ങിയവയും സ്കൂളിന് ലഭിച്ചിട്ടുണ്ട്.
മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള താമരക്കുളം ഗ്രാമപ്പഞ്ചായത്ത് അവാർഡ്, മികച്ച ടീച്ചർ കോ-ഓർഡിനേറ്റർക്കുള്ള കൃഷിവകുപ്പ് അവാർഡ്, കർഷക യുവകേരള അവാർഡ്, ഗാന്ധിഭവന്റെ ഗുരുവന്ദനം അവാർഡ്, കൊല്ലം സത്‌ക്കർമ അവാർഡ്, ഡോ. ബി.ആർ.അംബേദ്ക്കർ ഫൗണ്ടേഷന്റെ അവാർഡ് തുടങ്ങിയവ സുഗതന് ലഭിച്ചിട്ടുണ്ട്. 

September 22
12:53 2018

Write a Comment

Related News