environmental News

ഒന്നിച്ചു പൂവിട്ടു, ആറിനം കുറിഞ്ഞികൾ; നീലക്കടലായി രാജമല

രാജമലയിൽ ഇത്തവണ പൂവിട്ടത് ആറ്‌‌ ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞികൾ. ഒന്നുമുതൽ 12 വർഷത്തിലൊരിക്കൽമാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലേക്ക് നീലക്കടലിളകുംപോലെയുള്ള കുറിഞ്ഞിവസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്.

തെക്കനേഷ്യയിൽമാത്രം 450 തരം നീലക്കുറിഞ്ഞികളുണ്ട്. ഇന്ത്യയിലുള്ളത് 180 തരത്തിലുള്ളവ. ഇതിൽ 64 ഇനങ്ങൾ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഒന്നുമുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 47 ഇനങ്ങൾ മൂന്നാറിൽ മാത്രമുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിൽ 20 തരം നീലക്കുറിഞ്ഞികൾ ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒന്നുമുതൽ 60 വർഷം വരെയുള്ള ഇടവേളകളിൽ പൂവിടുന്നവയാണ് ഇരവികുളത്തെ നീലക്കുറിഞ്ഞികൾ. സ്ട്രോബിലാന്തസ് കുന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോൾ വ്യാപകമായി പൂത്തത്. ഇരവികുളം ദേശീയോദ്യാനത്തിലെ ഉൾവനങ്ങളിലെ ചോലകളിലാണ് ഭൂരിഭാഗവും വളരുന്നത്. അതിനാൽ ഇവ ചോലക്കുറിഞ്ഞികൾ എന്നും അറിയപ്പെടുന്നു.

പൂവിട്ട നീലക്കുറിഞ്ഞികൾ

 ഗ്രാസിലിസ്- പൂക്കുന്നത് 10 വർഷത്തിലൊരിക്കൽ 

നീയോ ആസ്പർ- അഞ്ചുവർഷം കൂടുമ്പോൾ

 ലുറിടസ്- ആറുവർഷത്തിൽ 

പളനിയൻസിസ്- എല്ലാ വർഷവും 

 ഉർസീയോലരീസ്- മൂന്നുവർഷം കൂടുമ്പോൾ

കുന്തിയാനസ്- 12 വർഷത്തിൽ പൂക്കുന്ന സാധാരണ നീലക്കുറിഞ്ഞി.

കടപ്പാട് :-മാതൃഭൂമി ഓൺലൈൻ 




September 26
12:53 2018

Write a Comment