reporter News

കിങ്ങിണിപ്പുഴ കേഴുന്നു

കിങ്ങിണിപ്പുഴ കേഴുന്നു 
ചിറ്റാരിക്കാൽ :മഴ നിന്ന് രണ്ട് ദിവസത്തിനകം വറ്റിത്തുടങ്ങിയതാണ് കിങ്ങിണിപ്പുഴ.കടുത്ത വേനലും ചൂടും കാരണം പുഴയിൽ നീരൊഴുക്ക് തീരെ കുറഞ്ഞിരിക്കുകയാണ്. മഴയത്തു കുത്തിയൊഴുകുന്ന ഈ പുഴയിൽ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. അവശേഷിക്കുന്ന ഏതാനും കുഴികളിൽ അൽപ്പം വെള്ളവും ജീവന് വേണ്ടി പിടയുന്ന പരൽ മീനുകളും.. 
ഇന്ന് അനാഥമായിത്തീർന്നിരിക്കുന്ന ഈ പുഴ ഒരു കാലത്തു ചിറ്റാരിക്കാൽ ടൗണിനെ ചുറ്റി നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്നതാണ്. തോമാപുരം സ്‌കൂളിന്റെയും പള്ളിയുടെയും ഓരം ചേർന്നൊഴുകുന്ന വിഷഗ്രസ്തമായ ഈ പുഴ വിദ്യാർത്ഥികൾക്കും സമീപവാസികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. 
പല സ്ഥലങ്ങളിലും മരങ്ങളും ഓടക്കാടുകളും വെട്ടിനശിപ്പിച്ചു ഇടവിള കൃഷികളിറക്കി പുഴയോരം പുഴയോരം തങ്ങളുടേതാക്കുകയാണ് പലരും. കൂടാതെ മണ്ണിട്ട്  നികത്തിയും കൽഭിത്തി കെട്ടിയും പുഴയോരം കയ്യേറുന്നത് വ്യാപകമായിട്ടുണ്ട്. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾക്ക് പുറമെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും അറവ് മാലിന്യങ്ങളും പുഴയോരത്തു നിക്ഷേപിക്കുന്നതും ഒരു പതിവായിക്കൊണ്ടിരിക്കുന്നു. 
ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്ത ക്യാംപസ് എന്ന ലക്ഷ്യത്തിനായി യത്നിക്കുകയാണ് ഹെഡ്മാസ്റ്റർ ശ്രീ ടോം ജോസ് എന്നിന്റെ നേതൃത്വത്തിൽ തോമാപുരം ഹയർ സെക്കണ്ടറി സ്‌കൂൾ. ഈ യജ്ഞത്തിന്റെ തന്നെ ഭാഗമായി സ്‌കൂൾ സീഡ് കോ ഓർഡിനേറ്റർ ശ്രീമതി സിജി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കിങ്ങിണിപ്പുഴയെ ഏറ്റെടുത്തു നവീകരിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. ഇനിയും നന്മ വറ്റാത്ത ഹൃദയങ്ങൾ കിങ്ങിണിയെ പുനഃജീവിപ്പിക്കും. ഈ പ്രവർത്തനത്തിൽ തോമാപുരം സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം അധികൃതരും അണിചേരട്ടെ... മുന്നിട്ടിറങ്ങട്ടെ

സീഡ് റിപ്പോർട്ടർ : മരീനാ തോമസ് 

October 04
12:53 2018

Write a Comment