SEED News

ലവ് പ്ളാസ്റ്റിക് ജില്ലാതല പ്ലാസ്റ്റിക് ശേഖരണ പ്രയാണം തുടങ്ങി

കൂത്തുപറമ്പ്: ഭൂമിക്ക് കാവലാളാവുക എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡും ഈസ്റ്റേൺ ഗ്രൂപ്പും ചേർന്ന് നടത്തുന്ന ലവ്പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല പ്ലാസ്റ്റിക് ശേഖരണ  പ്രയാണം കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.
 ‘പ്ലാസ്റ്റിക് ഒരു ഭീകരജീവിയാണ്, തോൽപ്പിക്കാം പ്ലാസ്റ്റിക് മാലിന്യത്തെ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന പ്ലാസ്റ്റിക് ശേഖരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതിയധ്യക്ഷ ടി.ടി.റംല ഉദ്ഘാടനംചെയ്തു. സ്വന്തം അച്ഛനമ്മമാരെപ്പോലെ ഭൂമിയെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ നമുക്ക് കഴിയണമെന്ന് റംല പറഞ്ഞു. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് ഭൂമിയെ മലിനപ്പെടുത്താതെ ഭൂമിക്ക് കാവാലാളാവാൻ ഓരോ വിദ്യാർഥിയും ശ്രമിക്കണമെന്നവർ ഓർമിപ്പിച്ചു.
 മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായിരുന്നു. സീഡ് കോ ഓർഡിനേറ്റർ കെ.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ.മനോജ്‌കുമാർ, പ്രിൻസിപ്പൽ എം.സി.പ്രസന്നകുമാരി, സ്റ്റാഫ് സെക്രട്ടറി യു.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് പുനരുപയോഗം നടത്താനായാണ് ലവ് പ്ലാസ്റ്റിക് പദ്ധതി നടപ്പാക്കുന്നത്. സീഡംഗങ്ങൾ സ്കൂൾ, വീട്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് പ്ലാസ്റ്റിക്കുകൾ ശേഖരിച്ചത്. തുടർന്ന് അവ വേർതിരിച്ചെടുക്കുകയും ചെയ്തു. 
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സീഡ് സ്കൂളുകളിൽനിന്ന്‌ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വലിയവെളിച്ചത്തെ റിമ, മുഴപ്പിലങ്ങാട്ടെ സ്റ്റാർ പോളിമസ് എന്നീ പുനരുപയോഗ കേന്ദ്രങ്ങളിലെത്തിക്കും.  

October 09
12:53 2018

Write a Comment

Related News