SEED News

മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു

ആര്യനാട്‌: ആര്യനാട്‌ ഗവ. വി. ആൻഡ്‌ എച്ച്‌.എസ്‌.എസിൽ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു.

ഗ്രോബാഗുകളിലും സ്കൂൾ വളപ്പിലും വിവിധയിനം പച്ചക്കറിത്തൈകൾ െവച്ചുപിടിപ്പിച്ചു. വഴുതന, തക്കാളി, മുളക്‌, പയർ വർഗങ്ങൾ തുടങ്ങിയവ നാന്നൂറോളം ഗ്രോബാഗുകളിലാണ്‌ വിദ്യാർഥികൾ കൃഷിചെയ്തത്‌. പൂർണമായും ജൈവരീതിയിലാണ്‌ ക്ലബ്ബ്‌ അംഗങ്ങൾ കൃഷി നടത്തിയത്‌.

പച്ചക്കറിക്കൃഷിയിൽനിന്നു മികച്ച വിളവെടുപ്പു നടത്താൻ സാധിച്ചതായി സീഡ്‌ അംഗങ്ങൾ പറഞ്ഞു. മുപ്പതു കിലോ പയറും പത്ത്‌ കിലോവീതം പച്ചമുളക്‌, വെണ്ട, തക്കാളി, വഴുതന എന്നിവയും ന്യായവിലയ്ക്ക്‌ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും നൽകി.

ഇതിൽനിന്ന്‌ ലഭിച്ച ലാഭവിഹിതം നന്മ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഉപയോഗിക്കുമെന്ന്‌ സീഡ്‌ കോ-ഓർഡിനേറ്റർ പറഞ്ഞു. ജൈവ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്‌ഘാടനം വി.എച്ച്‌.എസ്‌.ഇ. പ്രിൻസിപ്പൽ ദിവ്യ നിർവഹിച്ചു. പരിപാടിക്ക്‌ അധ്യാപകരായ സുജ, വിനോദ്‌, ദീപ്തി എന്നിവർ നേതൃത്വം നൽകി.


October 10
12:53 2018

Write a Comment

Related News