environmental News

ആമകളുടെ വംശ നാശത്തിലേയ്ക്ക് നയിക്കുന്ന സെല്ഫി ഭ്രാന്ത്

ഇതിപ്പോള്‍ സെല്‍ഫി കാലഘട്ടമാണ്. സെല്‍ഫികള്‍ കൊണ്ട് പ്രൊഫൈലുകള്‍ നിറയ്ക്കുന്ന കാലം. അടുത്ത കാലത്തായി അപകടകരമായ നിലയില്‍ സെല്‍ഫിയെടുക്കുന്നതു കൊണ്ട് മരിക്കുന്നവരുടെ എണം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍ കോസ്റ്റോറിക്കയിലെ ഓസ്റ്റിയോണല്‍ ബീച്ചിന്റെ ഏഴു കിലോമീറ്ററോളം വരുന്ന തീരങ്ങളില്‍ ഉള്ള ആമകള്‍ ഈ സെല്‍ഫി എടുക്കുന്നവരെ കൊണ്ട് കഷ്ടത്തിലായിരിക്കുകയാണ്.


കടലാമകള്‍ മുട്ടയിടാന്‍  കൂട്ടത്തോടെ വരുന്ന തീരമാണിത്. എന്നാല്‍ ഇവിടുത്തെ വിനോദസഞ്ചാരികള്‍ ഈ ആമകളുടെ പുറത്തു നിന്നും അവയ്ക്കടുത്തു കിടന്നും സെല്‍ഫികള്‍ എടുക്കാന്‍ തുടങ്ങിയതോടെ ആമകള്‍ തീരത്തു മുട്ടയിടാതെ തിരികെ പോകുന്ന അവസ്ഥയുണ്ടായി. മാത്രമല്ല, ചില ആമകള്‍ ഇട്ടു പോയിരുന്ന മുട്ടകള്‍ വിനോദ സഞ്ചാരികളുടെ ഇടപെടല്‍ കാരണം പൊട്ടിപോകുകയും ചെയ്തു. 


വിനോദ സഞ്ചാരികളെ നിയന്ത്രിക്കാതിരുന്നാല്‍ കോസ്റ്ററിക്ക തീരത്തെ കടലാമകളുടെ വംശ നാശം തന്നെ സംഭവിക്കുമെന്ന സ്ഥിതി വന്നതോടെ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും അധികാരികള്‍ക്ക് പരാതികള്‍ നല്‍കി. ഓണ്‍ലൈന്‍ പെറ്റീഷനും ആരംഭിച്ചു. ഇതേ തുടര്‍ന്ന് കടലാമകള്‍ കൂട്ടത്തോടെ മുട്ടയിടുന്ന തീരത്തേയ്ക്ക് വിനോദ സഞ്ചാരികളെ നിയന്ത്രിക്കാന്‍ അധികാരികള്‍‌ നിര്‍ബന്ധിതരായി. ബീച്ചിലേക്കുള്ള ആറു കവാടങ്ങളില്‍ നാലെണ്ണം അടച്ചു. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനായി താല്‍ക്കാലികമായി സെക്യൂരിറ്റിയെയും നിയമിച്ചു.

ഇന്ത്യയില്‍ ഒഡീഷ-കേരള തീരങ്ങളിലാണ് ഇവ മുട്ടയിടാനായി കൂട്ടമായെത്തുന്നത്. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി ടര്‍ട്ടിലിനെ സംരക്ഷിക്കാന്‍ മാതൃഭൂമിയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ആമകളുടേയും മുട്ടകളുടേയും സംരക്ഷണത്തിനായി മാതൃഭൂമി സീഡ് സ്‌കൂളുകളും പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകരും സംയുക്തമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് കടലാമക്കൊരു കൈത്തൊട്ടില്‍. കേരളത്തിലെ പ്രകൃതി-പരിസ്ഥിതി സംരക്ഷണ പദ്ധതികളില്‍ നാഴികക്കല്ലായേക്കാവുന്ന ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. കടലാമയെ കണ്ടാല്‍ മുട്ടയിട്ടതറിഞ്ഞാല്‍ കടലാമ സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ വിവരമറിയിക്കുക. (വിളിക്കേണ്ട നമ്പര്‍- 96560 00701)

നാം മാത്രമല്ല അവരും ഈ ഭൂമിയുടെ അവകാശികളാണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടേയും കടമയാണ്.


October 22
12:53 2015

Write a Comment