SEED News

തീരങ്ങൾക്ക് സംരക്ഷണമേകാൻ മാരാരിക്കുളം തെക്കിൽ കണ്ടൽച്ചെടികൾ നട്ടു: കളക്‌ടർ പദ്ധതി ഉദ്ഘാടനം ചെയ്തു

കലവൂർ:  മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ തീരങ്ങൾക്ക് ഇനി കണ്ടൽ​െച്ചടികൾ സംരക്ഷണമേകും. ചെട്ടികാട് ബ്ലൂസ്റ്റാർ വായനശാലയ്ക്ക്‌  സമീപം കണ്ടൽ ചെടി നട്ട് കളക്ടർ എസ്.സുഹാസ് പദ്ധതിക്ക് തുടക്കം കുറിച്ചു. ചെട്ടികാട് ശ്രീചിത്തിര തിരുനാൾ മഹാരാജവിലാസം ഗവ. യു.പി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ഇരുപതിനായിരത്തോളം കണ്ടൽ​െച്ചടികളാണ് പൊഴികളുടെയും തോടുകളുടെയും വശങ്ങളിൽ വച്ചുപിടിപ്പിക്കുന്നത്. പൂങ്കാവ് മുതൽ ഓമനപ്പുഴ വരെയുള്ള 12, 13, 14, 15 വാർഡുകളിലാണ് പദ്ധതിയുടെ പ്രയോജനം കിട്ടുന്നത്. 
തീരപരിസ്ഥിതി പുനസ്ഥാപന പദ്ധതി പ്രകാരം സീഡ് ക്ലബ്ബിന്റെ തീരംകാക്കാൻ കുട്ടിക്കൂട്ടം പദ്ധതിയുമായി സഹകരിച്ച് സാമൂഹിക വനവത്‌കരണ വിഭാഗമാണ് കണ്ടൽ ചെടികൾ നൽകുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് കണ്ടൽ​െച്ചടികൾ നടുന്നത്. കണ്ടലിന്റെ ഗുണവിശേങ്ങളും പ്രയോജനങ്ങളും ഉപയോഗരീതിയെക്കുറിച്ചും നാട്ടുകാരെ ബോധവത്കരിക്കാനായി സാമൂഹിക വനവത്കരണ വിഭാഗം പുറത്തിറക്കിയ ലഘുലേഖ കളക്‌ടർ പ്രകാശനം ചെയ്തു.  മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരതിലകൻ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ എൻ.ടി.സെബാസ്റ്റ്യൻ ആധ്യക്ഷം വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ ആർ.അർച്ചന പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപകൻ പി.ജി.വേണു, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ അമൃത സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് ബിന്ദുമോൾ, സ്റ്റാഫ് സെക്രട്ടറി ലിൻസി തോമസ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി.എസ്. സേവ്യർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, പഞ്ചായത്തംഗങ്ങളായ കല, എം.എസ്. ജയമോഹൻ, ആലീസ് സന്ധ്യാവ് എന്നിവർ സംസാരിച്ചു. 

October 26
12:53 2018

Write a Comment

Related News