SEED News

നാട്ടുമാവ് നഴ്സറിയുമായി ഇടവ ജവഹർ സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ

ഇടവ: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടുമാവ് നഴ്സറിയുമായി ഇടവ ജവഹർ പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. നമ്മുടെ നാട്ടിൽ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിവിധതരം നാട്ടുമാവുകൾ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നഴ്സറിയാക്കിയത്. കുട്ടികൾ സമാഹരിച്ച വിവിധയിനം മാങ്ങകളിൽ നിന്നാണ് തൈകളാക്കിയത്. കൂടാതെ സമീപപ്രദേശത്തെ വീടുകളിൽ നിന്നും വിവിധയിനം നാട്ടുമാവിൻതൈകളും വിദ്യാർഥികളുടെ നേതൃത്വത്തിൽ ശേഖരിച്ചു. എൺപതിൽപ്പരം ഇനത്തിലുള്ള നാട്ടുമാവിൻ തൈകളുമായാണ് നഴ്സറി തുടങ്ങിയത്. മൂവാണ്ടൻ, വരിക്ക, കർപ്പൂരം, വെള്ളരി, കപ്പ, പുളിച്ചി, കിളിച്ചുണ്ടൻ, പച്ചത്തൊലിയൻ, വെള്ളംകൊള്ളി, താളി തുടങ്ങിയവയുടെ തൈകളുണ്ട്. നഗരവത്കരണത്തെത്തുടർന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാനും പ്രവർത്തനത്തിലൂടെ സാധിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക് കാനായിൽ, സീഡ് കോ-ഓർഡിനേറ്റർമാരായ സീന ആർ., രാജി വി.ആർ., അധ്യാപകർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


October 31
12:53 2018

Write a Comment

Related News