SEED News

നെൽകൃഷിയുടെ നേരറിവുകൾതേടി പെൺകുട്ടികൾ




പെരിന്തൽമണ്ണ: അലക്കിത്തേച്ച യൂണിഫോമിൽ ചെളിപറ്റുന്നതിനപ്പുറം പറഞ്ഞുകേട്ട കൃഷിയറിവുകളെ നേരിട്ട് അനുഭവിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. കൊറ്റികളും കുളക്കോഴിയും ഞണ്ടുകളും അദ്ഭുതങ്ങളായി. നെൽകൃഷിയുടെ നേരറിവിനായി 70 പെൺകുട്ടികളാണ് പാതായ്ക്കരയിലെ പാടത്തേക്കെത്തിയത്. പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്-ഹരിതസേന അംഗങ്ങളാണ് പാടത്തെത്തിയത്. അവിടെ ഞാറുനടുന്ന സ്ത്രീകളോടൊപ്പം അവരും മടികൂടാതെയിറങ്ങി. ഞാറ്റുമുടികൾ നിരയായി ഇറക്കിവെച്ചു. നടുന്നതിനൊപ്പം ഓരോ സംശയങ്ങളും കർഷകരോട് ചോദിച്ചറിഞ്ഞു. അവരാകട്ടെ കുട്ടികളുടെ ആകാംക്ഷകൾക്ക് നിറചിരിയോടെ മറുപടിയേകി. കളിചിരികൾക്കൊപ്പം കുട്ടികൾ ഇതുവരെയറിയാത്ത നെൽകൃഷി പാഠങ്ങൾക്കും ഗൗരവത്തോടെ കാതോർത്തു. വിത്ത് വിതയ്ക്കുന്നതും ഞാറാകുന്നതും അതു പറിച്ചുനടുന്നതും വ്യക്തമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ചേറ് കോരിത്തേച്ച വരമ്പുകളിലൂടെ വരിയായുള്ള നടത്തംപോലും കുട്ടികൾ ആസ്വാദനത്തിന്റെ അപൂർവ അവസരമാക്കി. 
ഹരിതസേന, സീഡ് കോ-ഓർഡിനേറ്റർ കെ.ബി. ഉമ, അധ്യാപകരായ രാമൻകുട്ടി, എൻ. ഊർമിള, ജി.എം. ഗായത്രി എന്നിവർ കുട്ടികളുടെ കൃഷിയറിവ് യാത്രയ്ക്ക് നേതൃത്വംനൽകി.

November 29
12:53 2018

Write a Comment

Related News