SEED News

ശുചിത്വത്തിൽ മുന്നിൽ ഗവ. ഗേൾസ് സ്കൂൾ

 ഹരിതചട്ടം മാതൃകയാക്കി സീഡ് ക്ലബ്ബും
വരുന്ന മാലിന്യമെല്ലാം അപ്പപ്പോൾ തുടച്ചുനീക്കി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ മാതൃകയായി. ഹരിതചട്ടം പാലിക്കുന്നതിനായി നഗരസഭയുടെ സഹകരണത്തിൽ നടന്ന പ്രവർത്തനം ഏറ്റവും ശ്രദ്ധേയമായതും ഇവിടെയാണ്.
 മേള കഴിയുമ്പോൾ കുടിവെള്ളക്കുപ്പികളുടെ കുപ്പത്തൊട്ടിയായി മാറുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്ക്‌ കഴിഞ്ഞു. കുപ്പിവെള്ളവുമായി എത്തിയവരിൽനിന്ന്‌ പത്തുരൂപവീതം ഈടാക്കിയാണ് അകത്തേക്ക് കൊടുത്തുവിട്ടത്. കുപ്പി തിരിച്ചെത്തിച്ചവർക്ക് അത് തിരിച്ചുനൽകുകയും ചെയ്തു. മേളയിൽ ഓരോ ദിവസവും ഇരുന്നൂറിലധികം കുപ്പികളാണ് ഇങ്ങനെ വാങ്ങിവച്ചത്. സ്കൂൾ എസ്.എം.സി.ചെയർമാൻ ഷാജി കോയാപറമ്പിലിന്റെ നേതൃത്വത്തിൽ നിരന്തരമായ ഇടപെടൽ നടത്തിയതും ശ്രദ്ധേയമായിരുന്നു.
   ഗേൾസ് സ്കൂൾ മൈതാനത്ത് മാതൃഭൂമി സീഡ് നേതൃത്വത്തിലുണ്ടായിരുന്ന സ്റ്റാൾ നൂറുകണക്കിന് വിദ്യാർഥികളെ ആകർഷിച്ചു. കടക്കരപ്പള്ളി ഗവ.എൽ.പി.സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ പുതുവർഷാശംസാ കാർഡുകൾ ശ്രദ്ധനേടി. കുട്ടികൾ വിളയിച്ച അരിയും സ്റ്റാളിൽ ഉണ്ടായിരുന്നു.
ജവാഹർ നവോദയ വിദ്യാലയത്തിന്റെ വിത്ത് പന്ത്, പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയുള്ള ഇൻസ്റ്റലേഷൻ, പേപ്പർകൊണ്ട്‌ നിർമിച്ച വസ്തുക്കൾ, സീഡ് ഫോട്ടോ എക്സിബിഷൻ എന്നിവ സ്റ്റാളിന് മാറ്റുകൂട്ടി. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറിവിത്ത് സൗജന്യമായി വിതരണം ചെയ്യാനും കഴിഞ്ഞു. കണ്ണൂർ വെസ്റ്റ് യു.പി.സ്കൂൾ കുട്ടികൾ തയ്യാറാക്കി നൽകിയ 2100 വിത്ത് പേനകൾ സൗജന്യമായി നൽകി.  സ്റ്റാളിന്‌ സമീപം കാർത്തികപ്പള്ളി സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളാണ് കൊക്കടാമ പ്രദർശനം ഒരുക്കിയത്. മത്സരാർഥികൾ പലരും ഇവിടെയെത്തി സെൽഫിയെടുത്തു. ഫോട്ടോ അടിക്കുറിപ്പെഴുത്തിനും വൻ പങ്കാളിത്തമുണ്ടാക്കാൻ കഴിഞ്ഞു.

December 10
12:53 2018

Write a Comment

Related News