reporter News

മാതാളി കൂടിനെ പേടിച്ച് ഞങ്ങള്‍...

ആലുവ: പെരിയാറിന്റെ തീരത്തുള്ള 'മെലഡി' ഫഌറ്റില്‍ താമസിക്കുന്ന ഞങ്ങളെ സമീപത്തെ മാതാളി കൂട് ഏറെ ഭയപ്പെടുത്തുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടികളെല്ലാവരും അപ്പാര്‍ട്ട്‌മെന്റിനു താഴെ കുറച്ചു നേരം ഒന്നിച്ചു കൂടാറുണ്ട്. ഫഌറ്റിന് തൊട്ടടുത്ത് തന്നെയുള്ള ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടത്തിലെ മാതാളി കൂടാണ് ഞങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്. 
കാട്ടു കടന്നല്‍ കൂട്ടമായ മാതാളിയെ പറ്റി ഇന്‍ര്‍നെറ്റില്‍ തിരക്കിയപ്പോഴാണ് ഞെട്ടിയത്. ഒരു കുത്തേറ്റാല്‍ വൃക്കകളുടെ സ്തംഭനവും ശ്വാസനാള തടസവും ഹൃദയാഘാതവും വരെ സംഭവിക്കാമെന്ന് അറിഞ്ഞത്. അക്രമണമുണ്ടായാല്‍ ഞങ്ങളായിരിക്കും അവരുടെ ആദ്യ ഇര. റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും ശിവരാത്രി മണപ്പുറത്തേയ്ക്കും എത്തുന്നവരേയും മാതാളി കൂടി ഭീഷണി ഉയര്‍ത്തുന്നുണ്ട്. 
കാക്കയോ പരുന്തോ കൊത്തി വലിച്ചാല്‍ പോലും മാതാളികൂട്ടങ്ങള്‍ ഇളകാന്‍ സാധ്യതയുണ്ട്. നിരവധി കുടുംബങ്ങളാണ് ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള ഈ റോഡില്‍ താമസിക്കുന്നത്. തൊട്ടരികില്‍ തന്നെ ദേശീയപാതയുമുണ്ട്. 
കഠിനാദ്ധ്വാനികളായ ഈ ജീവികള്‍ സൂക്ഷ്മമായാണ് ഇവരുടെ വാസസ്ഥലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടാല്‍ തന്നെ മനസിലാകും. അതിനാല്‍ കൂട് നശിപ്പിക്കാതെയും അവയെ കൊല്ലാതെയും ഇവിടെ നിന്നു മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആള്‍ തിരക്കേറിയ നഗര മദ്ധ്യത്തില്‍ നിന്ന് മനുഷ്യര്‍ അധികം ചെല്ലാത്ത കാട്ടിലോ മറ്റോ കൊണ്ടുപോയി മാതാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഏക്താ കൃഷ്ണ  

December 14
12:53 2018

Write a Comment