environmental News

ആണവാപകട മേഖലയില്‍ സ്വാഭാവിക വനങ്ങള്‍ രൂപപ്പെടുന്നു

കൊച്ചി: കുന്നുകളും മലകളും തുരന്നെടുക്കുന്ന വാര്‍ത്തകളുടെ ഭീതിയിലും പുത്തന്‍ പ്രതീക്ഷ പ്രകൃതി സ്‌നേഹികള്‍ക്ക് സമ്മാനിക്കുകയാണ് ലോകത്തെ പ്രധാന ആണവാപകട മേഖലകള്‍. അപകടത്തെ തുടര്‍ന്ന് ജനങ്ങളെ കുടിയൊഴിപ്പിച്ച പ്രദേശങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ രൂപപ്പെട്ട സ്വാഭാവിക വനങ്ങളില്‍ കാട്ടുമൃഗങ്ങളെയും മറ്റ് ജീവജാലങ്ങളെയും കണ്ടെത്തിയത് പ്രകൃതി സ്‌നേഹികള്‍ക്ക് പുത്തന്‍ ആവേശമായി. ആണവായുധങ്ങളാലും രാസായുധങ്ങളാലും മുറിവേല്‍പ്പിക്കപ്പെട്ട ചെര്‍ണോബില്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലാണ് കാടുകള്‍ രൂപം കൊണ്ടിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെയായി ചെര്‍ണോബില്‍ വാസയോഗ്യമല്ലാതായി തീര്‍ന്നിട്ട്. 1986 ല്‍ ലോകത്തെ ഞെട്ടിച്ച അപകടത്തിന് ശേഷം ഇതിനോട് ചേര്‍ന്ന 1600 ചതുരശ്ര കിലോമൈല്‍ പ്രദേശത്ത് നിന്നും ഏകദേശം 1,16,000 മനുഷ്യരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ഇന്ന് ഈ പ്രദേശമാകെ വനഭൂമിയായി മാറിക്കഴിഞ്ഞു. മനുഷ്യരുടെ അഭാവത്തില്‍ പ്രകൃതി തന്നെ സൃഷ്ടിച്ച ഈ കൊടുംകാടുകളില്‍ ചെന്നായകള്‍, കരടി മാന്‍ എന്നുതുടങ്ങി വിവിധയിനം ജീവജാലങ്ങളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

 
ഉക്രൈനിന്റെയും ബെലാറസിന്റെയും അതിര്‍ത്തി പ്രദേശത്തെ കാടുകളിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ നൂറ്റാണ്ടുകളായി വംശനാശഭീഷണി നേരിടുന്ന യൂറോപ്യന്‍ ലിന്‍ക്‌സ്, ബ്രൗണ്‍ കരടി എന്നിവയുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.
 
എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുകയാണ് കൊറിയയിലെ മനുഷ്യവാസമില്ലാത്ത ഡിമിലിറ്റേഷന്‍ സോണും, കൊളംബിയയുടെയും പനാമയുടെയും അതിര്‍ത്തി പ്രദേശമായ ഡാരിയന്‍ ഗ്യാപുമെല്ലാം. ഗറില്ലാ യുദ്ധങ്ങള്‍ വലയ്ക്കുന്ന ഡാരിയന്‍ ഗ്യാപിലുള്‍പ്പടെ പ്രകൃതി സ്വന്തം നിലയ്ക്ക് പ്രതിരോധം തീര്‍ക്കുകയാണ്. അതേസമയം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ ഭീകരതയും ഇവ വെളിവാക്കുന്നുണ്ട്.

October 23
12:53 2015

Write a Comment