SEED News

നെൽക്കൃഷി യുടെ കൊയ്‌ത്തുത്സവം നടത്തി

കഴക്കൂട്ടം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പള്ളിപ്പുറം ഏലായിൽ നടത്തിയ നെൽക്കൃഷി, കൊയ്‌ത്തുത്സവത്തോടെ സമാപിച്ചു. ശ്രേയസ്‌ എന്ന വിത്തിനമാണ്‌ രണ്ടേക്കർ തരിശുനിലത്തിൽ കൃഷിചെയ്തത്‌. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നെൽക്കൃഷി രീതികളെക്കുറിച്ച്‌ പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഹരിതകേരളം മിഷൻ, കൃഷിവകുപ്പ്‌, അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്ത്‌ എന്നിവരുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌. പരിസ്ഥിതി പ്രവർത്തകനും മുൻ റീജണൽ പ്രോവിഡന്റ്‌ കമ്മിഷണറുമായ എസ്‌.സോമനാഥൻ നായർ കുട്ടികളുടെ കൃഷിക്കാവശ്യമായ സാമ്പത്തികസഹായം നൽകി. പ്രദേശത്തെ മുതിർന്ന കർഷകനായ ശങ്കരൻ നായരുടെ നേതൃത്വത്തിൽ ജൈവരീതിയിലാണ്‌ കുട്ടികൾ കൃഷി നടത്തിയത്‌. യന്ത്രങ്ങൾ ഒഴിവാക്കി നാടൻ കൃഷിരീതികളാണ്‌ അവലംബിച്ചത്‌.

കൊയ്‌ത്തുത്സവം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്‌ഘാടനം ചെയ്തു. റോട്ടറി റീപ്പ്‌ ചെയർമാൻ ആർ. മീനാകുമാരൻ നായർ അധ്യക്ഷനായി. എസ്‌.സോമനാഥൻ നായർ, കവി കലാം കൊച്ചേറ, ഗ്രാമപ്പഞ്ചായത്തംഗം ശിവപ്രസാദ്‌, സോമൻ നായർ കാവുവിള, പള്ളിപ്പുറം ജയകുമാർ, സീഡ്‌ റിപ്പോർട്ടർമാരായ റംസാൻ ഷാഫി, റാസിഫ്‌ ഷാഫി എന്നിവർ സംസാരിച്ചു. ഇടവിളാകം യു.പി.എസ്‌., കണിയാപുരം കൈരളി വിദ്യാമന്ദിർ സീഡ്‌ ക്ലബ്ബുകൾ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.


January 04
12:53 2019

Write a Comment