SEED News

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം

കണ്ണൂര്‍ :  പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യര്‍ത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളില്‍ തല്‍പരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ വിശിഷ്ട  ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മൊകേരി സ്‌കൂള്‍ :   ഒരു ദേശത്തെ പ്രകൃതിയോടിണക്കി ചേര്‍ത്ത വിദ്യാലയംറോക്ക് ഗാര്‍ഡനും സ്‌പൈസ് ഗാര്‍ഡനും പിന്നെ സീറോ അവറും കൈയ്യിലെ ടോര്‍ച്ചും 
കണ്ണൂര്‍ : വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്. ഒരു ദേശത്തെ മുഴുവന്‍ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതില്‍ ഇവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. പാറക്കെട്ട് നിറഞ്ഞ കുന്നിന്‍ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും  പൂക്കള്‍ വിരിയിച്ചും സീഡംഗങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ത്തു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 110 വിദ്യാര്‍ത്ഥികളുടെ രാപ്പകല്‍ ഭേദമന്യേയുള്ള പ്രവര്‍ത്തനമാണ്  ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്‌കൂളിനെ മാറ്റിയത്.  പഠന തിരക്കിനടിയിലും ഇവര്‍ നടത്തിയ നന്‍മ നിറഞ്ഞ പ്രവര്‍ത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം തേടിയെത്തിയത്. പുസ്തകങ്ങള്‍ക്കും ചോറ്റു പാത്രത്തിനും പുറമെ സീഡംഗങ്ങള്‍ കൈയ്യില്‍ എപ്പോഴും ഒരു ടോര്‍ച്ചു കൂടി കരുതാറുണ്ട്. ഹയര്‍സെക്കന്‍ഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവര്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത്. മൊകേരി സ്‌കൂളില്‍ നിന്ന് ഏഴു കിലോ മീററര്‍ അകലെയാണ് കനകമല. ഇവിടെ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികള്‍ പൂര്‍ത്തിയാവുമ്പോള്‍ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോര്‍ച്ച് തെളിച്ചാണ് അവര്‍ വീട്ടിലെത്തുക. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതവും ഇക്കാര്യത്തില്‍ കുട്ടികള്‍ക്കുണ്ട്. 

പ്രകൃതിയോടും സമൂഹത്തോടും  നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകല്‍ ഭേദമന്യേയുള്ള പ്രവര്‍ത്തനത്തിനുളള പിന്‍ബലം. പിന്നെ സീഡ് കോര്‍ഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേല്‍നോട്ടത്തിന്റെ നൈരന്തര്യവും. ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനം സസ്യങ്ങളാണ് കനകമലയില്‍ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളില്‍  നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിള്‍കണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവര്‍ പിഴുതുമാറ്റി.

സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്‌സിറ്റി വിങ്ങിന്റെ കീഴില്‍ റോക്ക് ഗാര്‍ഡന്‍ നിര്‍മ്മിച്ചാണ് അവര്‍ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്. പിക്കാസും കൈക്കോട്ടും കൊണ്ട് അവര്‍ പാറയെ ജൈവീകമാക്കി.  പപ്പീലിയോ -ദി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്ന പേരില്‍ ഭൂമിയില്‍ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങള്‍ ഏറ്റെടുത്തത്. സ്‌കൂളിലേക്കുള്ള വഴിയില്‍ നിറയെ  പപ്പായത്തോട്ടവുമുണ്ട്. ഹൈസ്‌കൂളിലെയും ഹയര്‍സെന്‍ഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉള്‍പ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദര്‍ശിപ്പിച്ചത് വിദ്യാര്‍ത്ഥികളുടെ അറിവ് കൂട്ടാന്‍ ഏറെ സഹായകമായി.
   ഊര്‍ജ്ജ സംരക്ഷത്തിനായി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍. സീറോ അവര്‍ എന്ന പേരില്‍ ഉച്ചക്ക് 12.15 മുതല്‍ 1.15  വരെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവര്‍ ലാഭിക്കുന്നത്. ഓസിമം ഫോര്‍ ഓസോണ്‍ എന്ന പേരില്‍ സ്‌കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു. അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതില്‍ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്. മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂര്‍ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. അമ്പതോളം വിത്തുകളാണ് ഇവര്‍ സീഡ് ബാങ്കിലേക്ക് സ്വരൂപിച്ചത്.

ഒരു ചായ ഒരു ചോല എന്ന പേരില്‍ പാനൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളുടെ മുന്നില്‍ കൈകഴുകുന്ന സ്ഥലത്തെ വെള്ളം ഉപയോഗപ്രദമായ വിധത്തില്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ ഇന്നു തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ കുട്ടികളുടെയും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ സീഡംങ്ങളുടെ നിരന്തരമായ പ്രചോദനത്തിന്റെ കൂടി ഫലമാണ്.   കണ്ടലും ഞണ്ടും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്‌കൂളിലെ സീഡംഗങ്ങള്‍ക്ക് കുറെ പറയാനുണ്ട്. കണ്ടല്‍ ചെടിയില്‍ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകള്‍ക്ക് പങ്കുണ്ട്.  കണ്ടലുകള്‍ സംരക്ഷിക്കുന്നതില്‍ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടല്‍ കാടുകളില്‍ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. നിയോ സര്‍മേഷ്യം, മലബാറി കം പാരാസൈസര്‍മാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകള്‍ക്ക് തുണയാവുന്നത്.ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കി കഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറിയിലെ സീഡംങ്ങള്‍ തന്നെ.

 

March 12
12:53 2019

Write a Comment

Related News