SEED News

പ്രകൃതി പാഠവുമായി കിടങ്ങന്നൂര്‍ പള്ളിക്കൂടം

കിടങ്ങന്നൂർ; പ്രളയദുരന്തത്തില്‍ മുങ്ങിപ്പോയ പള്ളിക്കൂടത്തെ ഇച്ഛാശക്തി കൊണ്ട് കൈപിടിച്ചുയര്‍ത്തിയ കുട്ടികള്‍ക്ക് കൂട്ടായത് വിദ്യാലയ മുറ്റത്തെ മരങ്ങളും ചെടികളും. മഴവെള്ളപ്പാച്ചിലില്‍ വിദ്യാലയത്തിലെ ഭുമിയുടെ ഘടനയെ സംരക്ഷിച്ചത് ഇവിടുത്തെ വൃക്ഷങ്ങളാണ്. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 2009- 2010 വര്‍ഷം മുതല്‍ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കിടങ്ങന്നൂര്‍ S.V.G.V ഹയര്‍ സെക്കന്റെറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ സസ്യജാലകം ഇന്ന് സ്‌കൂളിന്റെ ജൈവസംരക്ഷണമായി മാറിക്കഴിഞ്ഞു. ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണത്തിലൂടെയാണ്. കാബേജ്, കോളിഫ്‌ലവര്‍, പാവല്‍, വഴുതന, തക്കാളി, വെണ്ട, കമ്പളം, പച്ചമുളക്, വാഴ, പപ്പായ എന്നിവ കൃഷി ചെയ്ത് വിഭവങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നാടന്‍ വിഭവങ്ങള്‍ ശേഖരിച്ച് അമ്മമാരുടെ സഹായത്തോടെ അടുക്കളയില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന അമ്മരുചി എന്ന പദ്ധതി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നു. കോഴിത്തോടിനെ വീണ്ടെടുക്കാം എന്ന സന്ദേശവുമായി നടത്തിയ പുഴ നടത്തം, ആഴ്ചതോറും നടത്തുന്ന ഗ്രീന്‍ ക്വിസായ ഉത്തരോത്തരം, നേച്ചര്‍ ഫോട്ടോഗ്രഫി മത്സരമായ കുട്ടി ക്ലിക്ക് , ആതിരപ്പള്ളിയില്‍ ഇണ നഷ്ടപ്പെട്ട വേഴാമ്പലിനെ സംരക്ഷിച്ച് ലോക ശ്രദ്ധ നേടിയ ബൈജു K വാസുദേവന്റെ നേതൃത്വത്തില്‍ നടത്തിയ 'കാടകം ' പ്രകൃതി പഠന  ഫോട്ടോഗ്രാഫി ശില്പശാലാ, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ,ഫുഡ് ഫെസ്റ്റ് എന്നിവ സീഡ് ക്ലബ്ബ് നേതൃത്വം നല്‍കിയ പദ്ധതികളാണ്. നീലംപേരൂര്‍ അന്നങ്ങളെ അടുത്തറിയാനുള്ള യാത്രകളും പടയണിയുടെ നാടായ കടമ്മനിട്ട ഗ്രാമം സന്ദര്‍ശിച്ചുള്ള പഠനവും ഈ വര്‍ഷത്തെ സീഡ് ക്ലബ്ബിന്റെ പച്ചയെഴുത്തും വരയും തേടിയുള്ള സഞ്ചാരങ്ങളായിരുന്നു.കുട്ടികളില്‍ സൈക്കിള്‍ സവാരി പ്രോത്സാഹനം,  മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, മഴവെള്ള സംഭരണി, മരത്തണലില്‍ ക്ലാസ്, എന്നിവ സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ചയും സ്‌കൂള്‍ ക്ലീനിംഗ് സീഡ് പ്രവര്‍ത്തകള്‍ ചെയ്തു വരുന്നു. കുട്ടികള്‍ അവരുടെ വീട്ടുകളില്‍ ഒരു മരത്തെ ഏറ്റെടുത്ത് സംരക്ഷിച്ചു വരുന്ന കണിമരം പദ്ധതിയും വീടുകളിലെ കുട്ടികളുടെ കൃഷിയായ എന്റെ കൃഷിയും സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. ചിത്രശലഭങ്ങള്‍ക്ക് ഉദ്യാനമൊരുക്കി ശലഭ നിരീക്ഷണവും ആറന്‍മുളയിലെ പക്ഷികളുടെ കണക്കെടുപ്പും പ്രളയാനന്തര ആറന്‍മുളയുടെ പഠനമായ ഭൂമിഗീതം പദ്ധതിയും സീഡ് ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. നാട്ടുമാവിന്‍ പരിപാലനവും, പ്ലാവ് നടീലും ,മധുവനനിര്‍മ്മാണവും സീഡ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തുന്നു. സാമൂഹിക പ്രശ്‌നങ്ങളും നാട്ടിലെപരിസ്ഥിതി സംരക്ഷണ പ്രശ്‌നങ്ങളിലും സീഡ് റിപ്പോര്‍ട്ടര്‍ ഗൗരിയും സീഡ് പോലീസും സജീവമായി ഇടപെടുന്നു. പ്രിന്‍സിപ്പാള്‍ CRപ്രീത, ഹെഡ്മിസ്ട്രസ് P.R ശ്യാമളാമ്മ സീഡ് കോര്‍ഡിനേറ്റര്‍ വി. ജ്യോതിഷ് ബാബു എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

Attachments area

March 13
12:53 2019

Write a Comment

Related News