environmental News

പരിണാമം കണ്‍മുന്നില്‍; അമേരിക്കയില്‍ പുതിയ ജീവി

വടക്കേയമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ വര്‍ഷങ്ങളായി ഗവേഷകരെയും പൊതുജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ് 'കോയിവൂള്‍ഫ്' ( coywolf ) എന്ന പേരിലറിയപ്പെടുന്ന ജീവികള്‍. എന്നാല്‍, ഇവ പുതിയൊരിനം ജീവിയാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.  അങ്ങനെയെങ്കില്‍, പുതിയൊരു മൃഗവര്‍ഗം പരിണമിച്ചുണ്ടാകുന്നതിന് സാക്ഷിയാവുകയാണ് ഗവേഷകര്‍. കുറുനരികളുടെ കൂട്ടത്തില്‍പെട്ട 'കൊയോട്ടി' ( coyote ), ചെന്നായ്, നായ - എന്നീ മൂന്ന് വര്‍ഗങ്ങളുടെയും ജനിതക സങ്കരണത്തിന്റെ ഭാഗമായുണ്ടായ ജീവിയിനമാണ് 'കോയിവൂള്‍ഫ്' എന്ന് ഗവേഷകര്‍ പറയുന്നു. സാധാരണഗതിയില്‍ രണ്ട് ജനുസില്‍പെട്ട ജീവികളില്‍നിന്ന് സങ്കരയിനങ്ങള്‍ രൂപംകൊള്ളുമ്പോള്‍, പുതിയയിനം ദുര്‍ബലമാകുന്നതാണ് പതിവ്. കഴുതയും കുതിരയും ചേര്‍ന്നുണ്ടാകുന്ന കോവര്‍കഴുത ഉദാഹരണം. എന്നാല്‍, മൂന്നിനം ജീവികളില്‍നിന്നുള്ള സങ്കയിനമായി രൂപപ്പെട്ട 'കോയിവൂള്‍ഫ്', ദുര്‍ബലമല്ലെന്ന് മാത്രമല്ല, കൂടുതല്‍ കരുത്തും വലിപ്പവും അതിജീവനശേഷിയും അതിനുണ്ട്.  വടക്കേയമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ ജീവിവര്‍ഗം വേഗത്തില്‍ വ്യാപിക്കുന്നത് തന്നെ, ആ വര്‍ഗത്തിന്റെ അതിജീവനശേഷിയുടെ തെളിവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ഒന്റാറിയോയുടെ തെക്കേയറ്റത്ത് കാനഡയുടെ അല്‍ഗോന്‍ക്വിന്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ ( Algonquin Provincial Park ) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കോയിവൂള്‍ഫുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ഗവേഷകര്‍ കരുതുന്നു. അവിടെ നിന്നാണ് വടക്കേയമേരിക്കയുടെ കിഴക്കന്‍ മേഖല മുഴുവന്‍ ഈ വര്‍ഗം വ്യാപിച്ചത്. വ്യാപകമായ വനനാശവും മറ്റ് വെല്ലുവിളികളും മൂലം ചെന്നായ്ക്കളുടെ സംഖ്യ വന്‍തോതില്‍ കുറയുന്ന വേളയിലാണ്, അതില്‍നിന്ന് കൂടി പരിണമിച്ചുണ്ടായ കോയിവൂള്‍ഫിന്റെ സംഖ്യ വര്‍ധിച്ചുവരുന്നത്. കോയിവൂള്‍ഫുകളുടെ സംഖ്യ ഇപ്പോള്‍ ലക്ഷങ്ങള്‍ വരുമെന്ന്, നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകന്‍ റോളണ്ട് കായ്‌സ് പറയുന്നു.  437 കോയിവൂള്‍ഫുകളുടെ ഡിഎന്‍എ ശേഖരിച്ച് പഠനം നടത്തിയ കാലിഫോര്‍ണിയയില്‍ പെപ്പര്‍ഡൈന്‍ സര്‍വകലാശാലയിലെ ജാവിയല്‍ മൊന്‍സോന്‍ കണ്ടെത്തിയത്, കോയിവൂള്‍ഫിന്റെ ജനിതകദ്രവ്യത്തില്‍ 10 ശതമാനം നായകളില്‍ നിന്നും, 25 ശതമാനം ചെന്നായ്ക്കളില്‍ നിന്നും വന്നിട്ടുള്ളതാണ് എന്നാണ്. കൊയോട്ടി വര്‍ഗത്തിന്റെ ഡിഎന്‍എ ആണ് വലിയ പങ്ക്.  നായയില്‍ നിന്നും ചെന്നായ്ക്കളില്‍ നിന്നുമുള്ള ഡിഎന്‍എ കോയിവൂള്‍ഫുകളില്‍ വലിയ ഗുണം ചെയ്തതായി ഡോ.കായ്‌സ് പറയുന്നു. കൊയോട്ടി വര്‍ഗത്തെക്കാള്‍ വേഗത്തിലോടാനുള്ള ശേഷിയും കരുത്തും പുതിയ വര്‍ഗത്തിനുണ്ട്.  വനത്തിനുള്ളില്‍ വേട്ടയാടാന്‍ ഇഷ്ടപ്പെടാത്ത ജീവിയാണ് കൊയോട്ടികള്‍. ചെന്നായ്ക്കള്‍ വനത്തിനുള്ളില്‍ വേട്ടയാടാനാണ് ഇഷ്ടപ്പെടുന്നത്. അതേസയമയം, കോയിവൂള്‍ഫുകള്‍ വനത്തിനുള്ളിലും വെളിമ്പ്രദേശത്തും ഒരുപോലെ വേട്ടയാടാന്‍ കഴിവുള്ളവയാണെന്ന് ഡോ.കായ്‌സ് ചൂണ്ടിക്കാട്ടുന്നു.  അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ നഗരപ്രദേശങ്ങളിലുള്‍പ്പടെ കോയിവൂള്‍ഫുകള്‍ പാര്‍പ്പുറപ്പിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെന്നായ്ക്കള്‍ക്ക് വസിക്കാന്‍ കഴിയാത്ത പ്രദേശത്തുപോലും പുതിയ ജന്തുക്കള്‍ കാണപ്പെടുന്നു. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ പോലും ഇപ്പോള്‍ കോയിവൂള്‍ഫുകളുടെ സാന്നിധ്യമുണ്ട്.  കോയിവൂള്‍ഫുകളിലെ നായകളുടെ ജനിതകദ്രവ്യം, അവയക്ക് നഗരമേഖലകളും പാര്‍പ്പിടമാക്കാന്‍ കഴിവ് നല്‍കുന്നതായി ഗവേഷകര്‍ കരുതുന്നു. മനുഷ്യരുടെ സാന്നിധ്യമോ ശബ്ദമോ അലോസരമുണ്ടാക്കാത്തതിന് കാരണം നായ ഡിഎന്‍എ ആണ്. ചെന്നയ്ക്കള്‍ പക്ഷേ, മനുഷ്യരുടെ വെട്ടത്ത് വരാന്‍ താത്പര്യപ്പെടാത്ത ജീവിയാണ്. തികച്ചും വ്യത്യസ്തമായ ഒരു ജിവിയിനമായി കോയിവൂള്‍ഫ് പരിണമിച്ചു കഴിഞ്ഞോ, അതോ പരിണാമഘട്ടത്തിലാണോ എന്നകാര്യം ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകുന്നില്ല. അവ പുതിയ ജിവിയിനമായി മാറിക്കഴിഞ്ഞുവെന്ന് ജോനാഥന്‍ വേ പോലുള്ള ഗവേഷകര്‍ കരുതുന്നു. നാഷണല്‍ പാര്‍ക്ക് സര്‍വീസിന് വേണ്ടി മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജോനാഥന്‍ വേ ഉടന്‍ പ്രസിദ്ധീകരിക്കുന്ന പ്രബന്ധം ഇതു സംബന്ധിച്ചുള്ളതാണ്. ശരീരശാസ്ത്രപരമായ വ്യത്യാസങ്ങളും, ജനിതകത മാറ്റവും അതിനെ പുതിയൊരിനം ജീവിയായി പരിഗണിക്കാന്‍ പോന്നതാണെന്ന് പ്രബന്ധം പറയുന്നു. പലരും ഇത് അംഗീകരിക്കുന്നില്ല. കാരണം, ഒരു സ്പീഷീസിന്റെ പൊതുനിര്‍വചനം അനുസരിച്ച്, ആ സ്പീഷീസ് അതിരിനുള്ളില്‍ തന്നെ വേണം ഇണചേരാനും പ്രജനനം നടത്താനും. എന്നാല്‍, കോയിവൂള്‍ഫുകള്‍ നായകളുമായും ചെന്നായ്ക്കളുമായും ഇണചേരാറുണ്ട്. സ്പീഷീസിന്റെ നിര്‍വചനത്തിന് വിരുദ്ധമാണിത്. ഇതേ യുക്തി അനുസരിച്ചാണെങ്കില്‍, നായകളെയും ചെന്നായ്ക്കളെയും വെവ്വേറെ സ്പീഷീസുകളായി എങ്ങനെ കരുതാന്‍ കഴിയുമെന്ന് മറുപക്ഷം ചോദിക്കുന്നു. (കടപ്പാട്: ദി എക്കണോമിസ്റ്റ്) 

November 04
12:53 2015

Write a Comment