SEED News

പിന്നിട്ടത് കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിച്ച പത്ത് വർഷങ്ങൾ- ഹണി ജി.അലക്സാണ്ടർ

മാതൃഭൂമി സീഡ്’ പതിനൊന്നാം വർഷത്തിലേക്ക്
പിന്നിട്ടത് കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിച്ച പത്ത് വർഷങ്ങൾ- ഹണി ജി.അലക്സാണ്ടർ
5wd11‘മാതൃഭൂമി സീഡ്’ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പി.ആർ. അഭിഷേകും, അമിതാ സന്തോഷും വായുമലിനികരണത്തിനെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
കല്പറ്റ: കുട്ടികളിൽ പാരിസ്ഥിതിക  അവബോധം സൃഷ്ടിച്ച പത്ത് വർഷങ്ങളാണ്  ‘മാതൃഭൂമി സീഡ്’ പിന്നിട്ടതെന്ന് ഡി.ഇ.ഒ. ഹണി ജി.അലക്സാണ്ടർ പറഞ്ഞു. മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘മാതൃഭൂമി സീഡ്’ പദ്ധതിയുടെ 2019-20 അധ്യായന വർഷത്തെ  ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. വയലാർ രാമവർമയുടെ കവിതയിൽ പറഞ്ഞ പോലെ കൊതി തീരും വരെ ജീവിക്കാൻ ഈ സുന്ദര ഭൂമിയെ നിലനിർത്തണം. ഭൂമിയിലെ വിഭവങ്ങൾ ദാനമായി കിട്ടിയത് ഇരട്ടിയായി തിരിച്ചു കൊടുക്കാനാവണം. അതിനു പറ്റിയില്ലെങ്കിൽ ഉള്ളത് കാത്തു സൂക്ഷിച്ച് വരും തലമുറക്ക് കൈമാറണം. കേരളത്തിലെ കുട്ടികളെ പോലെ മനോഹരമായി ചിന്തിക്കുന്ന കുട്ടികൾ എവിടെയുമില്ല. ഇവിടുത്തെ കുട്ടികൾ മരങ്ങൾ നടുന്നു. വീടില്ലാത്തവർക്ക് വീടു നിർമിച്ചു നൽകുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്ന കുട്ടികൾ എവിടെയുണ്ടെന്നും അവർ ചോദിച്ചു. 
വായു മലിനീകരണത്തെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യമാണ്  ഈ വർഷത്തെ പ്രവർത്തനങ്ങിൽ മാതൃഭൂമി സീഡ് ഉയർത്തിപ്പിടിക്കുന്നത്.
ചടങ്ങിൽ മാതൃഭൂമി ബുക്സ് മാനേജർ ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.  വൈകല്യങ്ങളെ അതിജീവിച്ച് പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ  പി.ആർ. അഭിഷേകും,  ചിത്രകലയിൽ മിടുക്കിയായ അമിതാ സന്തോഷും  മുഖ്യാതിഥികളായിരുന്നു.  വായുമലിനീകരണത്തിനെതിരെയുള്ള പ്രതിജ്ഞ ഇരുവരും ചേർന്ന് ചൊല്ലിക്കൊടുത്തു.  അഭിഷേകിനും അമിതയ്ക്കും മാതൃഭൂമി സീഡിന്റെ സ്നേഹോപഹാരം എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ. സുധാറാണി നൽകി.  ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇരുവരും ചേർന്ന്  എസ്.കെ.എം.ജെ. സ്കൂളിന്റെ പരിസരത്ത് മുളത്തൈകളും നട്ടു. പ്രിൻസിപ്പൽ കൃഷി ഓഫീസ് എ.ഡി. രാജി വർഗീസ്,  ഫെഡറൽ ബാങ്ക് മാനേജർ എം.ആർ. മുരളീധരൻ, മാതൃഭൂമി ബ്യൂറോ ചീഫ് എ.കെ. ശ്രീജിത്ത്, വൈത്തിരി ബി.ആർ.സിയിലെ പരിശീലക സിസ്റ്റർ പി.ജി. ഷൈനി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി. സംഗീത്, മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ എം. കമൽ, എസ്.കെ.എം.ജെ. സ്കൂൾ പ്രധാനാധ്യാപകൻ എം.കെ. അനിൽകുമാർ, ടി. ആശോകൻ, മാതൃഭൂമി എക്സിക്യൂട്ടീവ് സോഷ്യൽ  ഇനിഷ്യേറ്റീവ് യു.എ. അജ്മൽ സാജിദ്, എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ കെ.എസ്. ശ്യാൽ എന്നിവർ സംസാരിച്ചു.  മാതൃഭൂമി സെയിൽസ് ഓർഗനൈസർ  എ. മധു,  ഷാലു എന്നിവർ  നേതൃത്വം നൽകി. 
മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് സന്ദർശിച്ച് സീഡ് വിദ്യാർഥികൾ
ജില്ലയിലെ വായു മലിനീകരണത്തിന്റെ തോത് പഠിക്കാൻ മീനങ്ങാടി ജി.എച്ച്.എസ്.എസിലെ  ‘മാതൃഭൂമി സീഡ്’ അംഗങ്ങൾ കല്പറ്റയിലെ  ജില്ലാ മലിനീകരണ  നിയന്ത്രണബോർഡ് ഓഫീസ് സദർശിച്ചു.  എൻജിനിയർ എം.എ. ഷിജുവുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച്  ജില്ലയിൽ വായുമലീകരണം കുറവാണെന്നാണ്  ജില്ലാ മലിനീകരണ  നിയന്ത്രണബോർഡ്  അധികൃതർ പറഞ്ഞത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.  ഉത്സവ സമയങ്ങളിലാണ് ജില്ലയിൽ വായുമലിനീകരണം ചെറിയതോതിൽ ഉണ്ടാവുന്നത്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനെ  കുറിച്ചും വായു മലിനീകരണം കുറയ്ക്കാൻ എന്തൊക്കെ ചെയ്യണമെന്നും വിദ്യാർഥികൾ ചോദിച്ച് മനസിലാക്കി.  മീനങ്ങാടി ജി.എച്ച്.എസ്.എസിലെ  പ്ലസ്ടു വിദ്യാർഥികളായ  കെ.പി. ശ്രാവൺ, എസ്. ശ്രീറാം,  ലക്ഷ്മി ആൻസ്,  റസ്ല  ആസ്മി, കെ.എസ്. വിഷ്ണുമായ എന്നിവരാണ് മലിനീകരണ  നിയന്ത്രണബോർഡ് ഓഫീസ് സന്ദർശിച്ചത്.


June 07
12:53 2019

Write a Comment

Related News