SEED News

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് തകഴിയിൽ തുടക്കം

തകഴി: മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാട്ടിലെ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂൾ മുറ്റത്ത് മുളംതൈ നട്ട് ജില്ലയിൽ ഈ വർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ സ്കൂളിലെ വിദ്യാർഥിയായ ആദിത്യനാണ് തൈ നട്ടത്. 
മറ്റൊരു വിദ്യാർഥി അമ്പാടി സത്യൻ പരിസ്ഥിതിസന്ദേശം ഉയർത്തി. പ്രകൃതിസ്നേഹത്തിന്റെ സന്ദേശം പകർന്നുനൽകിയ ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധിപേർ പങ്കെടുത്തു. 
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ 2019-20 വർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ആലപ്പുഴ റവന്യൂ ജില്ലാതല ഉദ്ഘാടനം നടത്തി. ഹരിതസംസ്കാരവും മാലിന്യനിർമാർജനശീലവും കുട്ടികളിൽ വളർത്തണമെന്ന് അവർ പറഞ്ഞു. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാനുള്ള ശീലം കുട്ടികളിൽ ഉണ്ടാക്കണം. 
സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾ വർഷാവസാനം വിലയിരുത്തിയാൽ അതിലൂടെ കൂടുതൽ പ്രവർത്തനം നടത്താനുള്ള ആർജവം ഉണ്ടാകും. സ്കൂളുകളിൽ പൂർണമായി ഹരിതപെരുമാറ്റച്ചട്ടം പാലിക്കണം. ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ വലിയ പിന്തുണയാണ് മാതൃഭൂമി സീഡ് നൽകിയതെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. 
സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് എൺവയോൺമെന്റൽ എൻജിനീയർ ബി.ബിജു മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ ഉദ്യാനം സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ എടത്വാ സെയ്ന്റ് മേരീസ് എൽ.പി.സ്കൂളിലെ സീഡ് പ്രവർത്തകരെ തകഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.അംബികാ ഷിബു ആദരിച്ചു. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.ആനന്ദ്‌കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഫെൻ ആന്റണി, കൃഷി അസിസ്റ്റന്റ് വി.പ്രശാന്ത്, പ്രഥമാധ്യാപിക ഏലിയാമ്മ കുര്യൻ, എസ്.എം.സി. വൈസ് ചെയർമാൻ ഡി.സെൽവൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്.പ്രകാശ് എന്നിവർ പ്രസംഗിച്ചു.     

June 07
12:53 2019

Write a Comment

Related News