SEED News

മലിനീകരണ നിയന്ത്രണ പാഠങ്ങൾ പഠിക്കാൻ മാതൃഭൂമി സീഡിലെ വിജയികളെത്തി

  
തൃശ്ശൂർ: അന്തരീക്ഷത്തിൽ വായു മലിനീകരണം അളക്കുന്നതെങ്ങനെ? ശബ്ദം ആരോഗ്യത്തിന് ദോഷമാവുന്ന അളവിലുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? മലിനീകരണം എങ്ങനെ അളക്കാം.മലിനീകരണവുമായി ബന്ധപ്പെട്ട കുരുന്നു സംശയങ്ങൾ മാതൃഭൂമി സീഡ്  മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായത്തോടെ ‘തീർപ്പാക്കി.’
മാതൃഭൂമിയുടെ സീഡിന്റെ കഴിഞ്ഞ വർഷത്തെ ജില്ലാ തല വിജയികളായ കണിമംഗലം എസ്.എൻ.ബി.എച്ച്.എസ്സിലെ കുട്ടികള് പ്രധാനാധ്യപികയായ കെ.ആര് രാജിയുടെയും സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ ആയ കെ.കെ സിന്ധുമോളുടെയും നേതൃത്വത്തിലാണ് തൃശ്ശൂർ മലിനീകരണ നിയന്ത്രണ ഓഫീസിലെത്തിയത്.
 ഐക്യാരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണപ്രമേയമായ വായുമലിനീകരണത്തെ തടയാം എന്നതിനെ ആസ്പദമാക്കി കുട്ടികൾക്ക് വായു മലിനീകരണ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് മാതൃഭൂമി സീഡ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായത്തോടെ  മലിനീകരണ മാപിനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.   
വായുവിലെ പൊടിയുടെയും മലിനീകരണത്തിന് കാരണമാവുന്ന സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ് എന്നിവയുടെ അളവെടുക്കുന്ന ഹൈ ലെവൽ സാംപ്ലർ, ശബ്ദത്തിന്റെ തീവ്രതയളക്കുന്ന സൗണ്ട് ലെവൽ മീറ്റർ എന്നിവയെ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ കുട്ടികൾക്കായി പരിചയപ്പെടുത്തി. വായു മലിനീകരണത്തിന്റെ ചരിത്രവും കാലിക പ്രസക്തിയും ഉദ്യോഗസ്ഥർ കുട്ടികളുമായി പങ്ക് വെച്ചു. മലിനീകരണ നിയന്ത്രണ ബോർഡിലെ അസിസ്റ്റന്റ് പരിസ്ഥിതി എഞ്ചിനീയർമാരായ ബി.അഭിലാഷ്, സജീഷ് ജോയ്, നാഷണൽ എയർ ക്വാളിറ്റി മോണിറ്ററിങ്ങ് പ്രോഗ്രാം ഓപ്പറേറ്റർ വിഷ്ണു സത്യൻ എന്നിവർ കുട്ടികളുമായി മലിനീകരണ നിയന്ത്രണ പാഠങ്ങൾ പങ്ക് വെക്കുകയും മലിനീകരണ മാപിനികളെ കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിലെ പരിസ്ഥിതി എഞ്ചിനായറായ വി.എ സുശീല നായരും പങ്കെടുത്തു. മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി നാരായൺ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം കൈമാറി.


June 08
12:53 2019

Write a Comment

Related News