SEED News

പ്രകൃതിക്കൊപ്പമെന്ന പ്രഖ്യാപനവുമായി സീഡ് അധ്യാപക ശില്‍പശാല

സീഡ് പദ്ധതിയുടെ താമരശ്ശേരി വിദ്യാഭ്യാസജില്ലാ ശില്‍പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ ഇ.വിജീഷ്, ഡോ.കെ.സി.കൃഷ്ണകുമാര്‍ എന്നിവര്‍ക്കൊപ്പം
താമരശ്ശേരി: സമൂഹനന്മ കുട്ടികളിലൂടെ എന്ന സന്ദേശവുമായി മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ പതിനൊന്നാം വര്‍ഷം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരുടെ ശില്‍പശാല നടത്തി. വര്‍ഷങ്ങളായി പദ്ധതിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ച് പ്രകൃതിസംരക്ഷണത്തിന് ഒപ്പമെന്ന് പ്രഖ്യാപിച്ചു.
ഫെഡറല്‍ ബാങ്ക് താമരശ്ശേരി ശാഖാ മാനേജര്‍ ഇ.വിജീഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളുമായി സീഡ് പദ്ധതിയുടെ ഭാഗമായ വലിയ കൂട്ടായ്മ അന്യാദൃശമാണെന്നും കേരളത്തില്‍ നടന്നുവരുന്ന പുനര്‍നിര്‍മാണപ്രക്രിയയുടെ ഭാഗമായി ഇതിനെ മാറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി താമരശ്ശേരി റിപ്പോര്‍ട്ടര്‍ സുനില്‍ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ഡോ.കെ.സി.കൃഷ്ണകുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.
പത്ത് വര്‍ഷമായി സീഡ് പദ്ധതി കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മടവൂര്‍ എ.യു.പി.സ്‌കൂളിലെ അധ്യാപകന്‍  സി.ഹുസൈന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രകൃതിയെ കണ്ണുതുറന്നുകാണാനുള്ള കഴിവ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി.സ്‌കൂളിലെ ബി.കെ.സീനത്ത്, കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ബി.സതീഷ്‌കുമാര്‍, വാളൂര്‍ എ.യു.പി.സ്‌കൂളിലെ വത്സന്‍ വെളളിയൂര്‍, സീഡ് പദ്ധതി വിദ്യാഭ്യാസജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

July 21
12:53 2019

Write a Comment

Related News