SEED News

മാതൃഭുമി സീഡ് അദ്ധ്യാപകശില്പശാല

കൊല്ലം : ശാസ്ത്രസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു.

മാതൃഭൂമി സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള കൊല്ലം വിദ്യാഭ്യാസജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിൽ സന്തുലിത സമീപനം വേണം. കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളെ പലരും കണ്ണടച്ച് എതിർക്കുകയാണ്. പശ്ചിമഘട്ട മലനിരകളെയും കടലോരപ്രദേശങ്ങളെയും സമതലമേഖലയെയും തനതായ രീതിയിൽ സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തില്ലെങ്കിൽ പ്രളയത്തേക്കാൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

വിദ്യാർഥിസമൂഹത്തിൽ പരിസ്ഥിതിസംരക്ഷണബോധം രൂപപ്പെടുത്തുന്നതിന് അധ്യാപകർ ശ്രമിക്കണം. ഇക്കാര്യത്തിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് എം.പി. പറഞ്ഞു. ബിഷപ്പ് ബെൻസിഗർ നഴ്‌സിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മാതൃഭൂമി ചീഫ് റിപ്പോർട്ടർ ജി.സജിത്കുമാർ അധ്യക്ഷനായിരുന്നു .

ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആർ.ഗോപകുമാർ, ബിഷപ്പ് ബെൻസിഗർ നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ, സീസൺ വാച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ, മാതൃഭൂമി റീജണൽ മാനേജർ എൻ.എസ്.വിനോദ്കുമാർ, സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് തസ്‌ലിമ നാസർ എന്നിവർ പ്രസംഗിച്ചു. സുരക്ഷയും ജീവൻരക്ഷാ പ്രവർത്തനങ്ങളും സംബന്ധിച്ച് ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ, ഫയർമാൻ അജിത്കുമാർ എന്നിവരും വായുമലിനീകരണത്തെ തടയുക എന്ന വിഷയത്തിൽ ഡോ. ഉദയകുമാറും ക്ലാസെടുത്തു. സീഡ് 2019-20 വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി മാതൃഭൂമി പ്രതിനിധി ഇ.കെ.പ്രകാശ് വിശദീകരിച്ചു. സീഡ് പതിനൊന്നാംവർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി ന്യൂസ് എഡിറ്റർ പി.വി.ജ്യോതി നഴ്‌സിങ് കോളേജ് അങ്കണത്തിൽ കശുമാവിൻതൈ നട്ടു.

July 22
12:53 2019

Write a Comment

Related News