SEED News

കുട്ടിശാസ്ത്രജ്ഞരുടെ മുഖത്ത് അഭിമാനത്തിളക്കം

സ്വന്തമായി എൽ.ഇ.ഡി. ബൾബ് നിർമിച്ചു 

ഹരിപ്പാട്: സ്വന്തമായി നിർമിച്ച ബൾബ് കത്തിക്കണ്ടപ്പോൾ അവരുടെ മുഖത്ത് ഇരട്ടിപ്രകാശം. വീയപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ ചരമദിനത്തിൽ നടത്തിയ എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനമായിരുന്നു വേദി. തിരഞ്ഞെടുക്കപ്പെട്ട നൂറ് കുട്ടികൾക്കാണ് പരിശീലനം നൽകിയത്.
 രാജേഷ് രാജേന്ദ്രനായിരുന്നു പരിശീലകൻ. എൽ.ഇ.ഡി. ബൾബിന്റെ പ്രവർത്തന രീതിയും പ്രത്യേകതകളുമാണ് ആദ്യം വിശദീകരിച്ചത്. സാധാരണ ഫിലമെന്റ് ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത എൽ.ഇ.ഡി. ബൾബുകളുടെ പ്രത്യേകതകൾ കുട്ടികളുമായി പങ്കുവച്ചു. തുടർന്നായിരുന്നു, ബൾബിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ കുട്ടികളെ പഠിപ്പിച്ചത്.
 ഓരോരുത്തരായി നിർമിച്ച ബൾബുകൾ സ്‌കൂളിൽത്തന്നെ കത്തിച്ച് പരിശോധിച്ചു. നൂറുപേരും നിർമിച്ച ബൾബുകളും പ്രവർത്തനക്ഷമമായിരുന്നു. ഏഴ് വാട്സ് ബൾബുകളാണ് കുട്ടികൾ നിർമിച്ചത്. ബൾബിന്റെ ഭാഗങ്ങൾ സ്‌കൂൾ അധികൃതർ ഏർപ്പാടാക്കിയിരുന്നു. 
 പത്താം ക്ലാസിലെ കുട്ടികൾക്ക് ഭൗതികശാസ്ത്രത്തിന്റെ പഠന പ്രവർത്തനങ്ങളിൽ എൽ.ഇ.ഡി. ബൾബ് നിർമാണം ഉൾപ്പെടുന്നുണ്ട്. അതിനാൽ കൂട്ടത്തിലെ പത്താം ക്ലാസുകാർ വലിയ ആവേശത്തിലായിരുന്നു. നിർമാണം പൂർത്തിയാക്കിയ ബൾബുകൾ, സ്‌കൂളിലൊരുക്കിയ സോക്കറ്റിൽ ഓരോരുത്തരായി കത്തിച്ചുനോക്കി. ജീവതത്തിലെ ആദ്യ കണ്ടുപടിത്തം വിജയകരമായതിന്റെ ആഹ്ലാദവും അഭിമാനവും പങ്കുവച്ചാണ് കുട്ടികൾ തങ്ങൾ നിർമിച്ച ബൾബുമായി വീടുകളിലേക്ക് മടങ്ങിയത്.
 സ്‌കൂളിലെ സ്മാർട്ട് എനർജി പ്രോഗ്രാം, പരിസ്ഥിതി- മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിശീലനം  നടത്തിയത്. പ്രഥമാധ്യാപിക ഡി.ഷൈനി, പി.മിനിമോൾ, എസ്.പ്രഭാദേവി, എസ്.സജിതകുമാരി, ഡിഡ് വിൻ  ലോറൻസ്, സോജൻ ജോസ്, ജി.മനേഷ്, അർച്ചനാദേവി, എസ്.ശ്രീദേവി എന്നിവർ 
പങ്കെടുത്തു.

July 29
12:53 2019

Write a Comment

Related News