SEED News

വൃക്ഷത്തൈകളുടെ നഴ്‌സറിയൊരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്.

ചാരുംമൂട്: നാട് പച്ച പുതപ്പിക്കാൻ സസ്യവൃക്ഷ ജാലങ്ങളുടെ നഴ്‌സറി ഒരുക്കുകയാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ്. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും സഹായത്തിനുണ്ട്. ആഗോളതാപനം ചെറുക്കുന്നതിന് പരമാവധി മരങ്ങൾ നട്ടു സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഴ്‌സറി ഒരുക്കുന്നത്.  തൈകൾ ഉത്പാദിപ്പിക്കുന്നതിന് വീട്ടുവളപ്പ്, വിദ്യാലയത്തിലെ ഔഷധവനം എന്നിവിടങ്ങളിൽനിന്നാണ് വിദ്യാർഥികൾ വിത്തുകൾ ശേഖരിച്ചത്. വിദ്യാലയവളപ്പിൽ പ്രത്യേകം ബെഡുകൾ തയ്യാറാക്കി വിത്തുകൾ പാകി. തൈകൾ കവറുകളിലാക്കുന്നത് ഉൾപ്പെടെയുള്ള നഴ്‌സറിയുടെ പരിപാലനം പൂർണമായും സീഡ് ക്ലബ്ബിലെ കുട്ടികളാണ് നടത്തുന്നത്. നഴ്‌സറി പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റാണ് നേതൃത്വം നൽകുന്നത്.
 ആദ്യഘട്ടത്തിൽ പ്ലാവ്, മാവ് വിത്തുകൾ ആണ് പാകി മുളപ്പിച്ച് തൈകളാക്കുന്നത്. കൂടാതെ ഔഷധവനത്തിൽനിന്ന് ശേഖരിച്ച ഔഷധസസ്യങ്ങളുടെ ശിഖരങ്ങൾ വേര് മുളപ്പിച്ചും തൈകൾ ഉത്പാദിക്കുന്നു. വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക്  സൗജന്യമായി നൽകും. കുട്ടികളുടെ നഴ്‌സറി പദ്ധതിയുടെ ഉദ്ഘാടനം താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി.ഗീത നിർവഹിച്ചു.
 പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത് അധ്യക്ഷനായി. സുനിത ഡി.പിളള, ജിജി എച്ച്. നായർ, എ.എൻ. ശിവപ്രസാദ്, സി.എസ്. ഹരികൃഷ്ണൻ, സി.ആർ. ബിനു, റാഫിരാമനാഥ്, സീഡ് കോ ഓർഡിനേറ്റർ ശാന്തിതോമസ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

August 03
12:53 2019

Write a Comment

Related News