SEED News

മണ്ണറിയാൻ മനസ്സറിയാൻ


ബഷീർ പഠിച്ച സ്കൂൾമുറ്റത്ത് നെൽപ്പാടമൊരുങ്ങി

തലയോലപ്പറമ്പ്:വൈക്കം മുഹമ്മദ്ബഷീർ സ്മാരക ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാലയ മുറ്റത്തൊരുക്കിയ പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം മുഴങ്ങി. ഞാറ് നടാൻ വിദ്യാർഥി കൂട്ടായ്മ ക്ലാസ് മുറി വിട്ട് പാടത്തേക്കിറങ്ങി. മലയാള സാഹിത്യ തറവാട്ടിലെ കാരണവർ വൈക്കംമുഹമ്മദ് ബഷീർ പഠിച്ച സ്കൂൾമുറ്റത്താണ് വിദ്യാർഥികൾ നെൽപ്പാടമൊരുക്കിയത്.
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കോഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി ‘സീഡ്’ പ്രവർത്തകരാണ് ഹ്രസ്വ, രക്തശാലി എന്നീയിനം നെല്ല് കൃഷിചെയ്യുന്നത്. ജൈവ വൈവിധ്യത്തിന്റെയും തണ്ണീർത്തടത്തിന്റെയും പച്ചപ്പിന്റെയും ശുദ്ധമായ നാടൻഭക്ഷണത്തിന്റെയുമെല്ലാം സന്ദേശം ഇവർ പൊതുസമൂഹത്തിലേക്കെത്തിക്കുന്നത് ഇത് അഞ്ചാം വർഷം.
മണ്ണിലും ചെളിയിലും ഇറങ്ങാൻ ഇവർക്ക് തെല്ലും അറപ്പോ, മടിയോ ഇല്ല. പാടത്തെ ചെളിയിലിറങ്ങാൻ പ്രത്യേകം കുപ്പായവും കരുതിയാണ് കുട്ടികളെത്തുന്നത്. പിക്കാസും കലപ്പയുമപയോഗിച്ച് ഉഴുത്, ബണ്ട് നിർമിച്ച് കണ്ടങ്ങളാക്കി തിരിച്ചശേഷം കുമ്മായം വിതറി. ചാണകവും വളമായി ചേർത്തു. പിന്നീട് പാകി മുളപ്പിച്ച ഞാറ് പറിച്ചു നട്ടു.
കരനെൽക്കൃഷിയായതിനാൽ വെള്ളം കെട്ടി നിർത്തേണ്ടതില്ല. നനവ് നില നിർത്തിയാൽ മാതിയാകുമെന്ന് സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജി. രാജേഷ് കുമാർ പറഞ്ഞു.

August 07
12:53 2019

Write a Comment

Related News