SEED News

'മാതൃഭൂമി' മാതൃകാത്തോട്ടത്തില്‍ ബോധി ക്യാമ്പ്

ആലുവ: മണ്ണും മരവും പുഴയും ഇല്ലെങ്കില്‍ നാമില്ലെന്ന അറിവ് പകര്‍ന്ന് നല്‍കി 'മാതൃഭൂമി സീഡ്' ബോധി പഠന ക്യാമ്പ്. ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് 'സീഡംഗ'ങ്ങള്‍ക്കായാണ് പരിസ്ഥിതി പഠന ക്യാമ്പ് നടത്തിയത്. ആലുവ ആര്‍ബറേറ്റത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പ്രകൃതി സ്‌നേഹത്തിന്റേയും, പുതിയ അറിവിന്റേയും കൂടൊരുക്കി. ബി.പി.സി.എല്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ്.കെ. പണിക്കര്‍ തന്റെ നക്ഷത്ര വൃക്ഷമായ ഇത്തിയുടെ തൈ ആര്‍ബറേറ്റത്തില്‍ നട്ടു ഉദ്ഘാടനം ചെയ്തു. 
പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് മനുഷ്യരാശിയ്ക്ക് നിലനില്‍പ്പുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയില്‍ നിന്ന് നാം ഏറെ അകന്നു പോകുകയാണ്. അതിന്റെ തിക്ത ഫലങ്ങള്‍ മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്നുണ്ട്. കാര്‍ബണ്‍ഡൈയോക്‌സൈഡ് കൂടുതല്‍ പുറത്ത് വിടുന്നത് തിരിച്ചടികള്‍ ഉണ്ടാക്കുന്നുണ്ട്. 2040 വരെയെങ്കിലുമെടുക്കും ഇലക്ട്രിക് വാഹനങ്ങള്‍ ലോകത്ത് സജീവമാകാനെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുവരെ കാര്‍ബണ്‍ഡൈയോക്‌സൈഡ് പുറത്ത് വിടുന്ന ഇന്ധനങ്ങള്‍ വാഹന മേഖലയില്‍ ഉപയോഗിക്കേണ്ടിവരും. ഈ കാലയളവില്‍ ഭൂമിയെ സംരക്ഷിക്കാന്‍ കൂടുതല്‍ വൃക്ഷങ്ങള്‍ നട്ട് പ്രകൃതിയെ നാം സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. 
പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍, ഡി.ടി.പി.സി. സെക്രട്ടറി എസ്. വിജയകുമാര്‍, 'മാതൃഭൂമി' കൊച്ചി ബ്യൂറോ ചീഫ് പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ബാലസാഹിത്യകാരനുമായ വേണു വാരിയത്താണ് 'ബോധി' ക്ലാസ് നയിച്ചത്. 
വാഴക്കാല നവനിര്‍മ്മാണ്‍ പബ്ലിക്ക് സ്‌കൂള്‍, എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍, ചേരാനല്ലൂര്‍ ലിറ്റില്‍ ഫഌവര്‍ യു.പി. സ്‌കൂള്‍, തമ്മനം നളന്ദ പബ്ലിക് സ്‌കൂള്‍, നോര്‍ത്ത് പറവൂര്‍ ഡോ.എന്‍. ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കുട്ടമശേരി ഗവണ്‍മെന്റ് എച്ച്.എസ്.എസ്., സൗത്ത് ചിറ്റൂര്‍ എസ്.ബി.ഒ.എ. സ്‌കൂള്‍, തൃക്കാക്കര മേരി മാത പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലെ സീഡംഗങ്ങളും കോര്‍ഡിനേറ്റര്‍മാരായ അധ്യാപകരുമാണ് പരിപാടിയ്‌ക്കെത്തിയത്. 
കുട്ടികള്‍ മാതൃകതോട്ടം നടന്നു കാണുകയും ഓരോ മരങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. നക്ഷത്ര വനം, രാശി വനം, നവഗ്രഹ വനം തുടങ്ങിവയിലൂടെ സഞ്ചരിച്ച് 'കാടു കാണലും' നടത്തി.

August 10
12:53 2019

Write a Comment

Related News