SEED News

ലോക നാട്ടറിവ് ദിനത്തിൽ മേലാങ്കോട്ട് ഇലക്കറി മഹോത്സവം


കാഞ്ഞങ്ങാട്: വിഷമയമായ പച്ചക്കറികൾ വാങ്ങി കഴിച്ച് ആരോഗ്യം നശിക്കുന്ന കാലത്ത് കാൻസറടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള നൂറ്റി അമ്പതിലധികം ഇലക്കറികളുടെ വേറിട്ട സദ്യ ഒരുക്കി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂൾ.
ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ ഇലക്കറി പ്രദർശനം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
നാട്ടുവഴികളിലും വയൽക്കരയിലും സമൃദ്ധമായ പോഷകസമൃദ്ധവും ഔഷധ ഗുണവുമുള്ള  നൂറു കണക്കിന് സസ്യങ്ങളുടെ ഇലകൾ മാത്രം ശേഖരിച്ചാണ്  പച്ചിലത്തോരനും ചമ്മന്തിയും കട്ലറ്റും പച്ചടിയും, അപ്പവും ഉണ്ടാക്കിയത്. തഴുതാമ, ചേമ്പില, മത്തനില, കുമ്പളയില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളി, ചേനയില തുടങ്ങി പത്തിലക്കൂട്ടങ്ങൾ കൊണ്ടുള്ള പത്തില തോരൻ മേളയിലെ ഇഷ്ടവിഭവമായി.മുരിങ്ങയില കട്ലറ്റ്, തകര, ചേന, കോവക്ക, കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ, നെടുംതാളപ്പം, ഇഞ്ചിയില, പാവയ്ക്കയില, മുത്തിൾ, തഴുതാമചേർത്ത പച്ചടി, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട, വാഴയിലത്തളിര് എണ്ണയിൽ പൊരിച്ചെടുത്തത്..... ഓരോ വിഭവത്തിനും വേറിട്ട സ്വാദ്.
തൂശനിലയിൽ വിളമ്പിയ വിഭവങ്ങളോടൊപ്പം ഓരോ കറിയുടെയും ചേരുവകൾ, പോഷക പ്രാധാന്യം എന്നിവയും പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനു ശേഷം ഇലക്കറികളെല്ലാം കുട്ടികൾക്ക്ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി കൊടുത്ത ശേഷമാണ് അമ്മമാർ വീട്ടിലേക്ക്മടങ്ങിയത്. പിലിക്കോട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.ജി.സനൽഷ മുഖ്യാതിഥിയായി.പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ, സീനിയർ അസിസ്റ്റൻറ് കെ.വി.വനജ, സ്റ്റാഫ് സെക്രട്ടരി പി ശ്രീകല, സണ്ണി.കെ.മാടായി ,മദർ പി.ടി.എ.പ്രസിഡന്റ് രശ്മി പുതുവൈ, വിജിത എ.വി, സീന അനിൽ, സ്കൂൾ ലീഡർ എം.വിഷ്ണു നേതൃത്വം നൽകി
ഫോട്ടോ: ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ അമ്മക്കൂട്ടം സംഘടിപ്പിച്ച ഇലക്കറി മഹോത്സവം

August 23
12:53 2019

Write a Comment

Related News