environmental News

ഫ്ലെമിംഗോസ് അപകടത്തിലോ..?

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പക്ഷികളുടെ പേരുകള്‍ എടുത്താല്‍ അതില്‍ ഫ്ലെമിംഗോ പക്ഷികളുടെ പേര് തീര്‍ച്ചയായും ഉണ്ടാവും. പിങ്ക് നിറത്തിന്റെ മനോഹാരിതയും ഒഴുക്കോടെ ഭംഗിയേറിയ ശരീരവും ഫ്ലെമിംഗോ പക്ഷികളെ ലോകത്തില്‍ എളുപ്പം തിരിച്ചറിയപ്പെടുന്ന പക്ഷി വര്‍ഗങ്ങളില്‍ ഒന്നാക്കുന്നു. 

പിങ്ക് ഫ്ലെമിംഗോ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ആറു വ്യത്യസ്ത വര്‍ഗങ്ങളാണ് ഉള്ളത്. ഫ്ലെമിംഗോ പക്ഷികള്‍ വടക്കേ അമേരിക്ക, ദക്ഷിണ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കാണപ്പെടുന്നുണ്ട്.

ഫ്ലെമിംഗോ പക്ഷികളുടെ ആവാസ വ്യവസ്ഥയില്‍ എല്ലായിടങ്ങളിലും കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ആഴം കുറഞ്ഞ ഉപ്പുവെള്ളം നിറഞ്ഞ കുളങ്ങളും ജലാശയങ്ങളും.  ഇത്തരം ജലാശയങ്ങള്‍ സാധാരണ ജീവികള്‍ക്ക് അപകടം നിറഞ്ഞതാണെങ്കിലും ഇത്തരം പ്രതികൂല അവസ്ഥകളിലും ഫ്ലെമിംഗോ പക്ഷികള്‍ ജീവിച്ചു വരുന്നു. മനുഷ്യവാസ പ്രദേശങ്ങളില്‍ നിന്ന് വളരെ ദൂരെയുള്ള നീര്‍ത്തടങ്ങളില്‍ ജീവിക്കുന്നതും തുടര്‍ച്ചയായി വാസസ്ഥലങ്ങള്‍ മാറ്റുന്നതും  ഇവയുടെ എണ്ണം കൃത്യമായി നിര്‍ണ്ണയിക്കുക എന്നതിനെ തികച്ചും ബുദ്ധിമുട്ടുള്ള ഒരു കാര്യമാക്കുന്നു.

ഫ്ലെമിംഗോ പക്ഷികളിലെ എല്ലാ വര്‍ഗ്ഗങ്ങളും ഇന്ന് ഗൌരവതരമായ ഭീഷണി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്നത്തിനോടൊപ്പം  മനുഷ്യരുടെ കടന്നു കയറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ ഫ്ലെമിംഗോ ആവാസ കേന്ദ്രങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമായും വിമാന-ജല ഗതാഗതം പക്ഷികളുടെ ഭക്ഷണ വ്യവസ്ഥകളെയും പ്രജനന പ്രവര്‍ത്തനങ്ങളെയും വളരെ അധികം പ്രതികൂലമായി ബാധിക്കുന്നു. ഏറ്റവും സങ്കടകരമായ കാര്യം ഇതൊക്കെ പക്ഷികളുടെ സംരക്ഷണത്തിന്റെ ഭാഗമായുള്ള ഇക്കോടൂറിസം എന്ന പേരിലാണ് നടക്കുന്നത് എന്നുള്ളതാണ്. ഇത്തരം കടന്നു കയറ്റങ്ങള്‍ ഫ്ലെമിംഗോ ആവാസ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു. ജലത്തിന്‍റെ ഉപ്പുരസം കുറയുന്നതും പിഎച്ച് മൂല്യത്തില്‍ വരുന്ന വ്യത്യാസവും ഫ്ലെമിംഗോ പക്ഷികളുടെ ആഹാര സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫ്ലെമിംഗോ ആവാസ കേന്ദ്രങ്ങളെ നശിപ്പിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. ഇന്ത്യയിലെ തന്നെ റാന്‍ ഓഫ് കച് പ്രദേശത്തെ ഫ്ലെമിംഗോ സിറ്റിക്കു നേരിടുന്ന വെല്ലുവിളികള്‍ ഇതിനൊരു ഉദാഹരണമാണ്.

എന്നിരുന്നാല്‍ തന്നെ ലോകത്താകമാനം ഫ്ലെമിംഗോ പക്ഷികളുടെ സംരക്ഷണത്തിനായി വളരെ അധികം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇവയ്ക്കായി പ്രത്യേക പക്ഷി കേന്ദ്രങ്ങള്‍ നടത്തുകയും ഇങ്ങനെ സംരക്ഷിച്ചു വളര്‍ത്തുന്ന പക്ഷികളെ പ്രകൃതിയിലെ സ്വാഭാവിക ആവാസ കേന്ദ്രങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്യുന്നതിലൂടെ സംരക്ഷണത്തിനൊപ്പം അവയെക്കുറിച്ച് കൂടുതല്‍ അറിയാനും നമുക്ക് സാധിക്കുന്നുണ്ട്. 

ഒരു പക്ഷെ ഏറ്റവും പ്രതികൂലമായ ആവാസ കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ജീവിച്ചു പോരുന്ന ഒരു ജീവി വര്‍ഗ്ഗം എന്ന നിലയില്‍ ഫ്ലെമിംഗോ പക്ഷികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്യമാണ്. ഈ സുന്ദര ജീവി വര്‍ഗ്ഗത്തെ ഇനി വരുന്ന ഒരായിരം തലമുറകള്‍ക്കായി നമുക്ക് കാത്തു രക്ഷിക്കാം.

അവലംബം: കറന്റ്‌ കണ്‍സര്‍വേഷന്‍

November 12
12:53 2015

Write a Comment