SEED News

ആമയൂരിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സീഡ് ക്ലബ്ബ്

കൊപ്പം: സ്കൂളിന് സമീപത്തെ പാടശേഖരങ്ങളിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നേരിൽക്കണ്ട് പരിഹാരം തേടി സീഡ് ക്ലബ്ബ് പ്രവർത്തകർ. ആമയൂർ സൗത്ത് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൃഷിയിടങ്ങളിലെത്തി  കർഷകരുടെ ദുരിതങ്ങൾ നേരിൽക്കണ്ട് മനസ്സിലാക്കിയത്.കിഴക്കേക്കര പാടശേഖരത്തെ തേലോട്ടുകുളംമുതൽ മാങ്കുളത്തിന് മീതെയുള്ള കൈതോട് വഴി തുറയ്ക്കൽ ഓവിലൂടെ കൂമ്പാലത്തോട്ടിൽ ചെന്നുചേരുന്ന കൂനമ്പാല തോടാണ് കനത്തമഴയിൽ കല്ലും മണ്ണും വന്നടിച്ച് തൂർന്നിരിക്കുന്നത്.
പ്രദേശത്തെ 50 ഏക്കറോളം സ്ഥലത്തെ കൃഷിക്ക് ജലസേചനത്തിനുള്ള മാർഗംകൂടിയാണിത്. തോട് പുനഃനിർമിക്കാൻ വേണ്ട നടപടികൾക്കായുള്ള പരിശ്രമമാണ് സ്കൂളിലെ സീഡ് ക്ലബ്ബും, സയൻസ്, പരിസ്ഥിതി ക്ലബ്ബുകളും പ്രദേശത്തെ യുവജനകൂട്ടായ്മയും ചേർന്ന് നടത്തിയത്. 
പാടശേഖരങ്ങൾ സന്ദർശിച്ച സംഘം കർഷകരുടേയും പ്രദേശവാസികളുടേയും പരാതികളും ശേഖരിച്ചു. തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട നിവേദനം കൊപ്പം പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർക്ക് നൽകിയത്. തോട് സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തര നവീകരണത്തിന് ശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത സംഘത്തിന് ഉറപ്പുനൽകി.സീഡ് കോ-ഓർഡിനേറ്റർ വീണ, സന്ധ്യ, സമദ്, പി.ടി.എ. പ്രസിഡന്റ് അബുതാഹിർ, യുവജനകൂട്ടായ്മയിലെ അനൂപ്, അബ്ദുള്ളലി, യൂനസ്, പ്രദേശവാസികളായ മണി, ബാലസുബ്രഹ്മണ്യൻ എന്നിവരും വിദ്യാർഥികളും നിവേദനസംഘത്തിലുണ്ടായിരുന്നു.

August 26
12:53 2019

Write a Comment

Related News