SEED News

മാലിന്യം-ഞങ്ങളുടെ സ്കൂളിന് ശാപം’



ചിന്നു ഗോപകുമാർ, സീഡ് റിപ്പോർട്ടർ, ഗവ. എച്ച്.എസ്.എസ്., കാരാപ്പുഴ.

കാരാപ്പുഴ ഗവ. എച്ച്.എസ്.എസ്. മതിലിനോട് ചേർന്ന് മാലിന്യം ഇടരുതെന്ന് എഴുതിയ ഭാഗത്ത് ചാക്കിൽ നിറച്ച മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
കോട്ടയം: നാടിന് അഭിമാനമായ കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മാലിന്യമുക്തമാക്കണമെന്ന ആഗ്രഹം ഞങ്ങൾ എല്ലാവരുമായി പങ്കുവെയ്ക്കുകയാണ്. ഞങ്ങളുടെ വിദ്യാലയത്തിന്റെ മതിലിനോട് ചേർന്ന് മാലിന്യം ഇടരുതെന്ന് എഴുതിവച്ചിരിക്കുന്ന ഭാഗത്ത് ചാക്കുകളിലാക്കി മാലിന്യം കൂട്ടിയിട്ടിട്ട് നാളുകളായി.
കോട്ടയം നഗരസഭാധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. വിദ്യാർഥികൾക്കൊപ്പം നാട്ടുകാർക്കും ഇത് ദുരിതമുണ്ടാക്കുന്നു. ഇതു കൂടാതെ നഗരസഭ ജീവനക്കാർ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു. പുകപടലവും ദുർഗന്ധവും ഞങ്ങളുടെ പഠനത്തേയും ബാധിക്കുന്നു.
‘കരുതാം ജീവശ്വാസത്തെ’ എന്ന മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ മുദ്രാവാക്യം ഏറ്റെടുത്ത് പ്രവർത്തിക്കുമ്പോൾ ശുദ്ധമായ അന്തരീക്ഷവായു ഞങ്ങൾക്ക് ലഭ്യമാക്കുന്നതിന് എല്ലാവരുടേയും ഭാഗത്തു നിന്നുള്ള സഹായം പ്രതീക്ഷിക്കുകയാണ്. പൊതുവിദ്യാലയം സംരക്ഷിക്കാൻ പൊതുജനങ്ങൾ തന്നെ മുന്നോട്ടുവരണം.
നാനൂറോളം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. സ്കൂളിനോട് ചേർന്ന് മാലിന്യമിടുന്നവർ അതൊഴിവാക്കണമെന്നും മാലിന്യം കത്തിക്കരുതെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി അധികൃതർ സത്വരനടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചിന്നു ഗോപകുമാർ,
സ്റ്റാൻഡേർഡ്- 8,
സീഡ് റിപ്പോർട്ടർ,
ഗവ. എച്ച്.എസ്.എസ്.,
കാരാപ്പുഴ. 


August 30
12:53 2019

Write a Comment

Related News