reporter News

പായലുമൂടി മാലിന്യത്തൊട്ടിയായി എം.വി.ഐ.പി. കനാൽ മലിനമാകുന്നത് നിരവധി പേരുടെ കുടിവെള്ള സ്രോതസ്

പെരുമ്പള്ളിച്ചിറ: പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസായ എം.വി.ഐ.പി. കനാലിൽ പായലും മാലിന്യങ്ങളും കുമിഞ്ഞു കൂടുന്നു. കനാൽ ജങ്ഷൻ ഭാഗത്താണ് മാലിന്യങ്ങള് കെട്ടിക്കിടക്കുന്നത്.
ചന്തകളിൽ നിന്നുള്ള മത്സ്യ-മാംസാവശിഷ്ടങ്ങൾ വരെ കനാലിൽ തള്ളുന്നുണ്ട്. കൂടാതെ ബേബി ഡയപ്പറും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ മറ്റ് ഗാർഹിക മാലിന്യങ്ങളും ഈ ഭാഗത്ത് കുന്നുകൂടിക്കിടക്കുകയാണ്.
കനാലിലെ മലിനജലം സമീപത്തെ കിണറുകളിലും കുളങ്ങളിലും ഉറവയായി എത്തുന്നുണ്ട്. കഴിഞ്ഞദിവസം പെരുമ്പിള്ളിച്ചിറ സെന്റ്.ജോസഫ്സ് യു.പി. സ്കൂളിൽ നടന്ന സീഡ് പാരിസ്ഥിതിക അവലോകനത്തില് കനാൽ മലിനമായതിനാൽ പ്രദേശത്തെ  മറ്റ് കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞിരുന്നു.
ഏറെ പരാതികൾ ഉയർന്നിട്ടും എം.വി.ഐ.പി. അധികൃതര് വേണ്ട രീതിയിൽ കനാൽ വൃത്തിയാക്കുന്നില്ല. ചുറ്റുപാടുമുള്ള കാട് വെട്ടലിൽ അവരുടെ ശുചീകരണം ഒതുങ്ങുകയാണ്. കാടുതെളിച്ച് കഴിഞ്ഞാലും മാലിന്യങ്ങൾ വെള്ളത്തിൽ അതേപോലെ കിടക്കും. മഴയത്ത് നല്ല ഒഴുക്കുണ്ടായാൽ മറ്റ് ജലസ്രോതസുകളിലേക്ക് ഇവ ഒഴുകിപ്പോകും.
കനാലിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ശുദ്ധജലസ്രോതസിനെ മലിനമാക്കുന്നതിനെതിരെ ശക്തമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ :പി.എച്ച്.ഫസ്ന
സീഡ് റിപ്പോർട്ടർ: പി.എച്ച്.ഫസ്ന (സെന്റ്.ജോസഫ്സ് യു.പി. സ്കൂൾ, പെരുമ്പിള്ളിച്ചിറ)


August 31
12:53 2019

Write a Comment