SEED News

വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾപരിസ്ഥിതി അവലോകന യോഗം സംഘടിപ്പിച്ചു

കൊടിയത്തൂർ: വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ‘പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ ചർച്ച സംഗമം നടത്തി. ഓയിസ്ക ഇന്റർനാഷണൽ സൗത്ത് സോൺ എക്സിക്യുട്ടീവ് സെക്രട്ടറി പ്രൊഫ. തോമസ് ജെ. തേവര ഉദ്‌ഘാടനം ചെയ്തു.

മനുഷ്യന്റെ ആർത്തിയും അഹങ്കാരവും ആണ് ഇന്നത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് അടിസ്ഥാനകാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ണിന്റെ ജൈവികത നഷ്ടപ്പെടുന്നതുകൊണ്ടാണ് വെള്ളം സംഭരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതും മണ്ണിടിച്ചിലിനു പ്രധാനകാരണമാവുന്നതും. മലകളും കുന്നുകളും സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകൻ ഹാമിദ് അലി വാഴക്കാട് സംസാരിച്ചു. ഓരോ കുന്നിനോടും അനുബന്ധമായി അനേകം ചോലകളും തോടുകളും ഉണ്ട്. ഇവയൊക്കെ തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമമാണ് ഉണ്ടാവേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടിയത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനേകം ക്വാറികൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നു സാമൂഹിക പ്രവർത്തകൻ കെ.പി.യു. അലി ഓർമപ്പെടുത്തി.

മാലിന്യസംസ്കരണത്തിന് പഞ്ചായത്തു നടപ്പിൽവരുത്തുന്ന പദ്ധതികൾ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.പി. ചന്ദ്രൻ വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ, എം.എ.എം.ഒ. കോളേജ് ചരിത്രവിഭാഗം തലവൻ ഡോ. എം.എ. അജ്മൽ, ഗ്രാമപ്പഞ്ചായത്ത് അംഗം ചേറ്റൂർ മുഹമ്മദ്, കെ.സി.സി. ഹുസ്സൈൻ, ശംസുദ്ദീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് ചർച്ച നിയന്ത്രിച്ചു.

September 01
12:53 2019

Write a Comment

Related News